മട്ടന്നൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ 3.55ന് എത്തേണ്ട ദോഹയിൽനിന്നുള്ള ഇൻഡിഗോ, 5.15ന് എത്തേണ്ട മസ്കറ്റിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. തുടർന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് വിമാനങ്ങൾ തിരികെ കണ്ണൂരിലെത്തിയത്. കനത്ത മൂടൽ മഞ്ഞ് മൂലം പൈലറ്റിന് റൺവേ കാണാൻ കഴിയാതെ വന്നതോടെയാണ് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത്. പ്രതികൂല കാലാവസ്ഥയിലും വിമാന ലാൻഡിങ്ങിന് സഹായിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്.) കണ്ണൂർ വിമാനത്താവളത്തിൽ ഒരു റൺവേയിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം റൺവേയിലും ഇത് സ്ഥാപിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും റൺവേവികസനം നടത്തേണ്ടതിനാൽ നീട്ടിവെക്കുകയായിരുന്നു.