തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണെന്നും അവർ വ്യക്തമാക്കി.