തൃശ്ശൂർ: ‘ഇന്ത്യൻ ഫുട്ബോളിലെ മിശിഹ’ എന്ന് വിശേഷിപ്പിക്കാവുന്ന സുനിൽഛേത്രി തന്റെ ആരാധകരോട് സംവദിക്കെ പങ്കിട്ട രഹസ്യമുണ്ട്. ടീം ഇന്ത്യയുടെ രഹസ്യ ആയുധമാരെന്നതായിരുന്നു അത്. പത്ത്‌ ആണ്ടുകളായി ടീമിനെ നിഴൽപോലെ പിന്തുടരുന്ന ഫിസിയോ ഡോ. ജിജി ജോർജാണ് ആ രഹസ്യായുധമെന്ന് ഛേത്രി തുറന്നുപറഞ്ഞു.

എട്ടാംതവണയും സാഫ് കപ്പ് സ്വന്തമാക്കിയ സന്തോഷത്തിനിടയിൽ ജിജി ജോർജ് എന്ന ഈ മലയാളി ഫിസിയോതെറാപ്പിസ്റ്റ് പറയുന്നു -‘‘ഈ കിരീടം ഇന്ത്യൻ ടീം വർക്കിന്റെ വിജയമാണ്. ടീമിലെ ഓരോരുത്തർക്കും അർഹതപ്പെട്ടത്. ടീം ഇന്ത്യ ഒരു പ്രൊഫഷണൽ ടീമായി വളർന്നിരിക്കുന്നു. ഈ വളർച്ചയിലും വിജയത്തിലും പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്’’.

17 വർഷമായി തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റാണ് ജിജി ജോർജ്. 2011 ഡിസംബർ മുതൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഫിസിയോ ആണ്. 2015-ൽ ഇന്ത്യൻ ടീം സാഫ് കപ്പ് നേടിയപ്പോഴും ജിജി കൂടെയുണ്ടായിരുന്നു.

2004 മുതൽ 2009 വരെ സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനൊപ്പവും പ്രവർത്തിച്ചു. 2010-ൽ പരിശീലകൻ പ്രൊഫ. നാരായണമേനോനോടൊപ്പം ഇന്ത്യൻ ആരോസിന്റെ ഫിസിയോതെറാപ്പിസ്റ്റായതാണ് ദേശീയ ടീമിലേക്ക്‌ വഴിതുറക്കാൻ കാരണമെന്ന് ജിജി പറയുന്നു. സാഫ് കപ്പിലെ വിജയത്തിനു പിന്നാലെ അണ്ടർ 23 ഇന്ത്യൻ ടീമിന്റെ ബെംഗളൂരുവിലെ പരിശീലന ക്യാമ്പിലെത്തിയിരിക്കുകയാണ് അദ്ദേഹം.

‘‘ടീമംഗങ്ങൾക്ക് പരമാവധി പരിക്ക് പറ്റാതിരിക്കാനാണ് ശ്രദ്ധിക്കാറുള്ളത്. ഇന്ത്യൻ ടീമംഗങ്ങൾ ഫിറ്റ്നസിലും ഭക്ഷണക്കാര്യത്തിലും മാനസികാരോഗ്യത്തിലും വളരെ പ്രൊഫഷണലായിക്കഴിഞ്ഞിരിക്കുന്നു. പരിശീലകൻ ഇഗോർ സ്റ്റിമാച്ചും മറ്റ് ഒഫീഷ്യൽസും നൽകുന്നതും മികച്ച പിന്തുണയാണ്’’ -ജിജിയുടെ വാക്കുകളിൽ സംതൃപ്തി.

തൃശ്ശൂർ, നെല്ലിക്കുന്ന് പുലിക്കോട്ടിൽ തച്ചോത്ത് കുടുംബാംഗമാണ് ജിജി. പരേതനായ ക്യാപ്റ്റൻ ജോർജ് വർഗീസും റോസിലിയുമാണ് മാതാപിതാക്കൾ.

പിതാവാണ് തന്റെ വഴികാട്ടിയെന്ന് ജിജി പറയുന്നു. കാർഷിക സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. സ്മിത ജോൺ കെ. ആണ് ഭാര്യ. മക്കൾ: റോസ്‌മരിയ, റയാൻ ജോർജ്, ആൻമരിയ.

ടീം ഇന്ത്യയിൽ തൃശ്ശൂർത്രയം

ജിജി ജോർജ് ഉൾപ്പെടെ മൂന്ന് തൃശ്ശൂർക്കാരാണ് സാഫ് കപ്പ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒഫീഷ്യൽസായുള്ളത്. നാലുവർഷമായി ടീം ഡോക്ടറായ ഷെർവിൻ ഷെരീഫ്, വീഡിയോ അനലിസ്റ്റ് മിഷാൽ മുഹമ്മദ് തൻവീർ എന്നിവരാണ് മറ്റു രണ്ടുപേർ. ചാവക്കാട് സ്വദേശിയായ ഡോ. ഷെർവിൻ ഷെരീഫ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിനിലെ ഫിസിഷ്യനാണ്. കയ്പമംഗലം പുതിയവീട്ടിൽ മുഹമ്മദ് തൻവീറിന്റെ മകനാണ് മിഷാൽ മുഹമ്മദ്.