തൃശ്ശൂർ: മരുന്നിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് മെഡ്‌ട്രോണിക്സിന്റെ ഇൻസുലിൻ പമ്പുകളുടെ ഉപയോഗത്തിൽ മുന്നറിയിപ്പ്. തകരാർ ബോധ്യപ്പെട്ട രണ്ട്‌ ബാച്ച് ഉപകരണങ്ങൾ കമ്പനി സ്വയം തിരിച്ചുവിളിക്കുകയും ചെയ്തു. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഇന്ത്യയിൽ നൽകിയ മുന്നറിയിപ്പ് ചില ഉപകരണങ്ങൾക്ക് അമേരിക്കൻ അധികൃതരും പുറപ്പെടുവിച്ചിട്ടുണ്ട്.

മിനിമെഡ് 620 ജി, 640 ജി എന്നീ ഇൻസുലിൻ പമ്പുകൾക്കും അവയുടെ കിറ്റുകൾക്കുമാണ് ഇവിടെ കുഴപ്പം. അമേരിക്കയിലിത് 630 ജി, 670 ജി ഉപകരണങ്ങൾക്കാണ്.

കൗമാരക്കാരിൽ കാണുന്ന ടൈപ്പ് വൺ പ്രമേഹരോഗികളിലാണ് പ്രധാനമായും പമ്പുകൾ ഉപയോഗിക്കുന്നത്. ഇതിൽനിന്ന്‌ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ കൃത്യമായ ഇടവേളകളിലും അളവിലും ലഭ്യമാകും. കുഴപ്പം കണ്ടെത്തിയ പമ്പുകളിലെ സംരക്ഷണവളയത്തിനാണ് പ്രശ്‌നം.

ഇതുമൂലം ചിലപ്പോൾ അളവിൽക്കൂടുതൽ ഇൻസുലിൻ രോഗിയിലെത്തും. ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥയ്ക്കിത് കാരണമാകും. വളയത്തിന്റെ കുഴപ്പം കാരണം പമ്പും ഇൻസുലിൻ സംഭരണിയും തമ്മിലുള്ള ബന്ധം മുറിയുകയും വേണ്ടത്ര മരുന്ന് കിട്ടാത്ത സാഹചര്യമുണ്ടാകുകയും ചെയ്യാം. ഇതുമൂലം ഹൈപ്പർ ഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് പോകും. ഇതുരണ്ടും ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രോഗാവസ്ഥകളാണ്.

ഏറ്റവും ഗുരുതരമായ തിരിച്ചുവിളിക്കൽ മുന്നറിയിപ്പാണ് അമേരിക്കൻ അധികൃതർ നൽകിയിരിക്കുന്നത്. അവിടെ നാലരലക്ഷത്തിലധികം പമ്പുകളാണ് തിരിച്ചുവിളിച്ചത്. ഇന്ത്യയിൽ മുന്നറിയിപ്പ് നൽകിയെങ്കിലും ഉപഭോക്താക്കളിൽനിന്ന് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താക്കൾക്ക് ഉപകരണത്തിന്റെ സൗജന്യവിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി ഉറപ്പുപറയുന്നുണ്ട്.