മലപ്പുറം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എൽ.ഡി.എഫ്. കൺവീനർ ഒരുക്കിയ ലിസ്റ്റ് പ്രകാരം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പത്രസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിനെ തിരഞ്ഞെടുപ്പിൽ പ്രതിരോധിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ സർക്കാർ നടത്തുന്ന ഗതികെട്ട പ്രവൃത്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു. .

മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എൽ.ഡി.എഫ്. കൺവീനർ എ. വിജരാഘവൻ യു.ഡി.എഫ്. എം.എൽ.എ.മാർ വിവിധ കേസുകളിൽ ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് പറഞ്ഞിരുന്നു. അറസ്റ്റിനായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും നടക്കുന്ന ഗൂഢാലോചന ലീഗ് അറിഞ്ഞിരുന്നു.

പാലം തകർന്നതിന് ഉത്തരവാദി ഉദ്യോഗസ്ഥവിഭാഗമാണ്. കൃത്രിമ മൊഴികളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ പ്രതിയാക്കിയത്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പറയുന്ന സംസ്ഥാന സർക്കാരും അതേ പ്രവൃത്തിയാണ് ചെയ്യുന്നത്. പത്രസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവരും പങ്കെടുത്തു.