മൂന്നാർ: ദേവികുളം ഗ്യാപ്പ് റോഡിൽ മലയിടിച്ചിലിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഏക്കറിന് എട്ട് ലക്ഷം രൂപയ്ക്കുപുറമെ ഭൂമി കൃഷിയോഗ്യമാക്കി നൽകാമെന്നുമാണ് കരാർ. മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എം.എൽ.എ., ഡീൻ കുര്യാക്കോസ് എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബൈസൺവാലിയിലെ സി.പി.എം. നേതാക്കളായ എം.പി.പുഷ്പരാജൻ, എം.എസ്.രാജു എന്നിവരുടെ നേതൃത്വത്തിൽ കരാറുകാരൻ പി.ജെ.ജേക്കബ്ബും കർഷകരുമായി ചൊവ്വാഴ്ച നടന്ന ചർച്ചയിലാണ് ധാരണയിലായത്.കരാർപ്രകാരം നാലിലൊന്ന് പണം ഡിസംബർ അഞ്ചിന് മുൻപ് കൈമാറും.ബാക്കി പണം നാലുമാസത്തിനുള്ളിൽ നൽകും. ഈ സമയത്തിനുള്ളിൽ തന്നെ, വീണുകിടക്കുന്ന പാറകൾ പൊട്ടിച്ചുനീക്കി ഭൂമി കൃഷിയോഗ്യമാക്കി നൽകണം.ജൂൺ 17, ഓഗസ്റ്റ് ആറ് എന്നീ ദിവസങ്ങളിലുണ്ടായ മലയിടിച്ചിലിൽ ഗ്യാപ്പ് റോഡിന്‌ താഴ്ഭാഗത്തുള്ള കിളവിപാറയിലെ ഒമ്പത് കർഷകരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. ഇവരിൽ കൃഷ്ണമൂർത്തി, രാജേഷ്, അനിൽ എന്നിവരുടെ ഭൂമിക്ക് നഷ്ടപരിഹാരം സംബന്ധിച്ച് രണ്ടുമാസം മുൻപ് കരാറുകാരനുമായി ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇവരുടെ ഭൂമി കരാറുകാരൻ പണം നൽകി വാങ്ങുകയായിരുന്നു.ബാക്കിയുള്ള സി.കെ.ബാബുലാൽ (നാല് ഏക്കർ), ബേബി കുന്നേൽ (10 ഏക്കർ), സിബി കണിയാംകുന്നേൽ (2.5 ഏക്കർ), രാജേന്ദ്രൻ (2.5 ഏക്കർ), വിനോദ് (3.5 ഏക്കർ) ആസിഫ് ഖാൻ (5 ഏക്കർ) എന്നിവരുടെ നഷ്ടപരിഹാരം സംബന്ധിച്ചാണ് തർക്കം നിലനിന്നിരുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതോടെ അഞ്ചുമാസമായി നിലച്ചുകിടന്ന ഗ്യാപ്പ് റോഡിന്റെ പണികൾ ഈയാഴ്ചതന്നെ പുനരാരംഭിക്കുമെന്ന് ദേശീയ പാതാ അസി.എക്സി.എൻജിനീയർ റെക്സ് ഫെലിക്സ് പറഞ്ഞു.