മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര അഴിയൂർ സ്വദേശി സൈനുൽ ആബിദി(46)ൽ നിന്നാണ് 470 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് ജാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 24,30,840 രൂപ വില വരും.

രണ്ടാഴ്ചയ്ക്കിടെ രണ്ടുകോടി രൂപയിലധികം രൂപയുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടിച്ചത്. കഴിഞ്ഞദിവസം ടെർമിനൽ കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ 35 ലക്ഷത്തിലധികം രൂപയുടെ സ്വർണം കണ്ടെടുത്തിരുന്നു.

അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, പി.ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, ഗുർമീത് സിങ്‌, മനീഷ് കുമാർ ഖട്ടാന, അശോക് കുമാർ, ഹെഡ് ഹവിൽദാർ സി.വി.ശശീന്ദ്രൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.