ശബരിമല: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽനിന്നു വരുമാനം കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നു 150 കോടിയുടെ സഹായം ചോദിച്ചിരിക്കുകയാണ്. സർക്കാർ സഹായം വൈകിയാൽ വായ്പ എടുക്കേണ്ടിവരുമെന്നാണ് പറയുന്നത്.

ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ബോർഡിന്റെ പ്രവർത്തനം എന്നിവയ്ക്ക് മാസം 50 കോടി വേണം. ശബരിമലയിൽ

മണ്ഡല-മകരവിളക്ക് കാലം സുഗമമായി നടത്താൻ 60 കോടി വേണ്ടിവരും. കോവിഡ് മൂലം തീർഥാടകർ കുറഞ്ഞതോടെ ശബരിമലയിൽനിന്നു ഇത്തവണ കാര്യമായി വരുമാനം കിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാരിൽനിന്നു അടിയന്തര സഹായം കിട്ടിയാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. 150 കോടിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സീസൺ സുഗമമായി നടത്താൻ സർക്കാർ സഹായം വേണം.സാമ്പത്തിക പ്രതിസന്ധി മൂലം ബോർഡിന് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.നിലവിൽ ബോർഡിന്റെ നഷ്ടം 350 കോടിയായി.

മുൻ ഭരണസമിതി 2019-ൽ എടുത്ത 35 കോടി വായ്പയിൽ പലിശപോലും അടയ്ക്കാൻ കഴിയുന്നില്ല.പലിശമാത്രം വർഷം രണ്ടുകോടി വേണം. മരാമത്ത് പ്രവൃത്തികൾ നടത്തിയ കരാറുകാരുടെ ബില്ല്‌ മാറുന്നതിനാണ് അന്ന് വായ്‌പ എടുത്തത്.ഇതിന്റെ പലിശയും മുതലും അടയ്ക്കാതിരുന്നാൽ ഭാവിയിൽ വലിയ ബാധ്യതയാവും.

ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ വരുമാനം ശബരിമലയിൽ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോവിഡ് നിയന്ത്രണം മണ്ഡല കാലത്തെ പ്രതികൂലമായി ബാധിച്ചു. ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറയ്ക്കേണ്ടിവന്നത് നിയന്ത്രണം

ഉള്ളതുകൊണ്ടാണ്.

കൂടുതൽ തീർഥാടകർക്ക് ദർശനത്തിന് അനുമതി നൽകിയാൽ മാത്രമേ ശബരിമലയിൽനിന്നുള്ള വരുമാനം കൂടുകയുള്ളൂ എന്നാണ് ബോർഡ് അധികൃതർ പറയുന്നത്.

തിങ്കളാഴ്ച നടന്ന ബോർഡ് യോഗത്തിലും കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.