തിരുവനന്തപുരം: മന്ത്രിമാർക്ക് ടേം ഏർപ്പെടുത്താൻ എൻ.സി.പി. തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ എ.കെ. ശശീന്ദ്രൻ മന്ത്രിയാകും. രണ്ടാംഘട്ടത്തിൽ തോമസ് കെ. തോമസും.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയ പ്രഫുൽ പട്ടേൽ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള കാര്യങ്ങൾമാത്രമാണ് സംസ്ഥാന ഭാരവാഹികളുമായി ചർച്ചചെയ്തത്. ശശീന്ദ്രനും തോമസിനും വേണ്ടി നേതാക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് ഊഴംവെച്ച് സ്ഥാനം വിഭജിക്കാൻ തീരുമാനിച്ചത്.

രണ്ടാംതവണയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതിൽ എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ അനുമോദനം അറിയിക്കാൻ പ്രഫുൽ പട്ടേൽ പിണറായി വിജയനെ കണ്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ, എ.കെ. ശശീന്ദ്രൻ എന്നിവർക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയെ കാണാനെത്തിയത്. എൻ.സി.പി. ഊഴംവെച്ചാണ് മന്ത്രിസ്ഥാനം നൽകുന്നതെന്ന് പ്രഫുൽപട്ടേൽ അറിയിച്ചു.