തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗണിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ചൊവ്വാഴ്ച രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ ഇടതുപാർട്ടികളുടെ ആസ്ഥാനത്തായിരുന്നു. പിണറായി മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകുമെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിന്നിൽ.

സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും നേതൃയോഗങ്ങൾ ആരംഭിച്ചതുമുതൽ മാധ്യമങ്ങളുടെ വൻപടതന്നെ ഇരുപാർട്ടി ആസ്ഥാനങ്ങൾക്കുമുന്നിലുമുണ്ടായിരുന്നു. സി.പി.ഐ. മന്ത്രിമാർ ആരൊക്കെയെന്ന വിവരം ഉച്ചയോടെ പുറത്തുവന്നു. പിന്നാലെ സി.പി.എം. മന്ത്രിമാരുടെ പട്ടികയും പുറത്തുവന്നതോടെ ആകാംക്ഷയ്ക്ക് അറുതിയായി.

നേതൃയോഗങ്ങൾക്കുശേഷം പുറത്തിറങ്ങിയ നിയുക്തമന്ത്രിമാരെ മാധ്യമങ്ങൾ വളഞ്ഞു. സ്ഥാനലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച അവർ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഗൗരവത്തോടെ നിറവേറ്റുമെന്നറിയിച്ചു.

മന്ത്രിമാരായി പുതിയ സംഘമാണ് വരുന്നതെങ്കിലും പാർട്ടിയും എൽ.ഡി.എഫും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുകയെന്നതാണ് ഈ ടീമിന്റെ ഉത്തരവാദിത്വമെന്ന് നിയുക്തമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

തന്നെ സ്പീക്കറായി നിയോഗിച്ചത് പാർട്ടിയുടെ തീരുമാനമാണെന്നായിരുന്നു സ്ഥാനമൊഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണനൊപ്പം പുറത്തേക്കെത്തിയ എം.ബി. രാജേഷ് പറഞ്ഞത്. പഠനകാലംമുതൽ ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി സ്ഥാനങ്ങളിലെത്തിയ താൻ അദ്ദേഹത്തിനുപിന്നാലെ സ്പീക്കറായി എത്തുന്നത് യാദൃച്ഛികമാണെന്നും വ്യക്തമാക്കി.

പുതിയ സർക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാവരും മികച്ചരീതിയിൽ പ്രവർത്തിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി.

പുതിയ ആൾക്കാർ എന്നത് നയപരമായ തീരുമാനമാണ്. മൊത്തത്തിൽ പുതിയ ടീം എന്നത് പോളിസി മാറ്ററാണെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നും പുതുമുഖങ്ങൾക്ക് അവസരം നൽകാനും ധീരമായ തീരുമാനങ്ങളെടുക്കാനും ഈ പാർട്ടിക്കുമാത്രമേ കഴിയൂവെന്നത് ആവർത്തിച്ചിരിക്കുകയാണെന്ന് വി.എൻ. വാസവൻ പറഞ്ഞു. എൽ.ഡി.എഫ്. പ്രകടനപത്രിക നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ മന്ത്രിസഭ പ്രയത്നിക്കുമെന്ന് പി. രാജീവ് പറഞ്ഞു.

രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളിൽ ഒന്നാണിതെന്നും ആത്മാർഥതയോടെ അത് നിറവേറ്റുമെന്നും സി.പി.ഐ.യിൽനിന്നുള്ള നിയുക്തമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. കന്നിയങ്കത്തിൽത്തന്നെ മന്ത്രിയാകുന്നത് പാർട്ടിയുടെ തീരുമാനമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുമെന്നും ജി.ആർ. അനിൽ പറഞ്ഞു. എൽ.ഡി.എഫിന്റെ നയങ്ങൾക്കനുസൃതമായ ഭരണം കാഴ്ചവെക്കാൻ ശ്രമിക്കുമെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് കെ. രാജൻ പറഞ്ഞു.