: കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സി.പി.ഐ. പ്രതിനിധിയായി ജെ. ചിഞ്ചുറാണി എത്തുന്നത്. എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി സംഘടനാ പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസകാലത്ത് കലാകായികരംഗങ്ങളിൽ മികവ് പുലർത്തി. തദ്ദേശസ്ഥാപനങ്ങളിൽ രണ്ടുപതിറ്റാണ്ടുകാലം ജനപ്രതിനിധിയായിരുന്നു. കൊല്ലം മുണ്ടയ്ക്കൽ ഭരണിക്കാവ് തെക്കേവിളയിൽ വടക്കതിൽ വീട്ടിൽ കശുവണ്ടി തൊഴിലാളി നേതാവ് എൻ. ശ്രീധരന്റെയും ജഗദമ്മയുടെയും മകളായി 1963-ലാണ് ജനനം. കൊല്ലം എസ്.എൻ. വനിതാ കോളേജിലെ മികച്ച കായികതാരമായിരുന്നു. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽനിന്നും രാഷ്ട്രപതിയിൽനിന്നും മെഡലുകൾ ഏറ്റുവാങ്ങി. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ ഡി. സുകേശനാണ് ഭർത്താവ്. മകൻ: നന്ദുസുകേശൻ കെൽട്രോണിൽ ഡിസൈൻ എൻജിനിയർ. മകൾ നന്ദന റാണി പ്ലസ്ടു വിദ്യാർഥിനി. കൊല്ലം നീരാവിൽ നന്ദനത്തിലാണ് താമസം.