: പി. രാജീവ് മന്ത്രിയാകുമെന്ന അറിയിപ്പ് വരുമ്പോൾ കളമശ്ശേരിയിലെ ‘കിളിക്കൂട്’ എന്ന വീട്ടിൽ സന്തോഷത്തിന്റെ നിറവിലായിരുന്നു ഭാര്യ വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയുമൊക്കെ. മികച്ച പാർലമെന്റേറിയൻ എന്ന പേരെടുത്താണ് രാജീവ് ഇതാദ്യമായി നിയമസഭയിലേക്കും മന്ത്രിസ്ഥാനത്തേക്കും എത്തുന്നത്. 2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനും പാനൽ ഓഫ് ചെയർമാനുമായിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതൽ 2010 വരെ പാർട്ടി പത്രമായ ‘ദേശാഭിമാനി’ െറസിഡന്റ് എഡിറ്ററായിരുന്നു. 2018 മുതൽ ചീഫ് എഡിറ്ററായി പ്രവർത്തിച്ചുവരികയാണ്.

സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായ രാജീവ് 2015 മുതൽ 2018 വരെ പാർട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ. എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്‌.ഐ. ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയായ രാജീവ് റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധയുടെയും മകനാണ്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഡോ. വാണി. മൂത്തമകൾ ഹൃദ്യ പ്ലസ് വണ്ണിനും ഇളയമകൾ ഹരിത എട്ടാംക്ലാസിലും കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ പഠിക്കുന്നു.