: ഭാര്യക്കുശേഷം ഭർത്താവും നിയമസഭയിേലക്കെത്തുമ്പോൾ സി.പി.ഐ. കുടുംബത്തിന് ഇത് ഇരട്ടിമധുരമാവുകയാണ്. ആദ്യമായി നിയമസഭയിലേക്കെത്തുന്നതിനൊപ്പം മന്ത്രിസ്ഥാനവുംകൂടിയാണ് സി.പി.ഐ. നേതാവ് ജി.ആർ.അനിലിന് ലഭിച്ചിരിക്കുന്നത്. 1996-ൽ ചടയമംഗലത്തുനിന്നാണ് ജി.ആർ.അനിലിന്റെ ഭാര്യ ഡോ. ആർ.ലതാദേവി സി.പി.ഐ.യുടെ എം.എൽ.എ.യാകുന്നത്.

സ്കൂൾപഠനകാലംമുതൽ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്ന അനിൽ എ.ഐ.എസ്.എഫിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായിരിക്കുമ്പോഴാണ് ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റദിവസംകൊണ്ടുതന്നെ നഗരം ശുചിയാക്കുന്ന പദ്ധതി നടപ്പാക്കിയത്. കേരളമാകെ മാതൃകയാക്കിയ സ്കൂളുകളിലെ പ്രഭാതഭക്ഷണപദ്ധതിയും ഇക്കാലയളവിൽ നടപ്പാക്കിയതാണ്. രണ്ടുതവണ കോർപ്പറേഷൻ കൗൺസിലറായിരുന്ന അനിലിന് മികച്ച പ്രവർത്തനങ്ങളുടെ പേരിൽ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

സി.പി.ഐ.യുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിസ്ഥാനത്തും ഏഴരവർഷത്തോളം പ്രവർത്തിച്ചു. വർക്കല എസ്.എൻ. കോളേജിലെ ചരിത്രവിഭാഗം മുൻമേധാവികൂടിയാണ് ഭാര്യ ഡോ. ആർ. ലതാദേവി. അഭിഭാഷകയായ എ.എൽ. ദേവികയാണ് മകൾ. മേജർ എസ്.പി. വിഷ്ണു മരുമകനാണ്.