: വിദ്യാർഥി രാഷ്ട്രീയത്തിൽ കെ.എസ്.യു.വിലൂടെ പൊതുരംഗത്തേക്ക് വന്നതാണ് തിരൂർ പൊരൂർ പൂക്കയിൽ സ്വദേശി വി. അബ്ദുറഹ്‌മാൻ. 2014 -ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ടു. അന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചു. യു.ഡി.എഫ്. ക്യാമ്പിനെ അമ്പരിപ്പിച്ച പ്രകടനമായിരുന്നു അബ്ദുറഹ്‌മാൻ നടത്തിയത്. 2009-ൽ 82,684 വോട്ടായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. അത് 25,410 ആയി കുറയ്ക്കാൻ അബ്ദുറഹ്‌മാന് കഴിഞ്ഞു.

2016-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എൻ.എസ്.സി. (നാഷണൽ സെക്കുലർ കോൺഫറൻസ്) ആയിരുന്നു പാർട്ടി. മുസ്‌ലിംലീഗിലെ സിറ്റിങ്‌ എം.എൽ.എ. അബ്ദുറഹ്‌മാൻ രണ്ടത്താണിയെയാണ് പരാജയപ്പെടുത്തിയത്. താനൂരിൽ ആദ്യമായിട്ടായിരുന്നു മുസ്‌ലിംലീഗ് അല്ലാതെ മറ്റൊരു പാർട്ടി വിജയിക്കുന്നത്. ഇത്തവണ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെയും പരാജയപ്പെടുത്തി. പിതാവ്: മുഹമ്മദ് വെള്ളെക്കാട്ട്. മാതാവ്: ഖദീജ. ഭാര്യ: സാജിദ. മക്കൾ: അഹമ്മദ് അമൻ സഞ്ജീദ്, റിസ്‌വാന ഷെറിൻ, നിഹാല നവൽ. മരുമകൻ: മിഷാദ് അഷ്റഫ്.