കണ്ണൂർ: അറുപത്തിനാലുവർഷം മുൻപ് ഈ ദിവസം ജൂൺ 19-ന് കർണാടകയിലെ ബല്ലാരിയിൽ പകർച്ചപ്പനി ബാധിച്ച് മരിച്ച പ്രൊഫ. അമ്പുവിനെ പലരും മറന്നുകാണും. പക്ഷേ സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിക്കാർക്ക്, സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണന്റെ പ്രിയശിഷ്യനെ അങ്ങനെയങ്ങ് മറക്കാൻ കഴിയില്ല.

സർക്കസിനെ അതിരറ്റ് സ്നേഹിച്ച, സ്വന്തം സർക്കസ് കമ്പനി പടുത്തുയർത്തിയ അദ്ദേഹം ഇന്ത്യൻ സർക്കസിൽ സ്ത്രീകളുടെ കരുത്തുകാണിച്ചുകൊടുത്തയാൾ കൂടിയാണ്. തലശ്ശേരിയിൽനിന്ന് സർക്കസ് പെരുമ നാടുനീങ്ങിയെങ്കിലും പ്രൊഫ. അമ്പു പഴയകാലത്തുള്ളവരുടെ ഓർമകളിലുണ്ട്. അദ്ദേഹത്തിന്റെ പേരിൽ കെട്ടിടങ്ങളോ സ്മാരകങ്ങളോ ഒന്നുമില്ല.

1889 ഫെബ്രുവരി 24-ന് തലശ്ശേരിയിലെ സമ്പന്ന കുടുംബത്തിൽ ചിറമ്മൽ കണ്ണന്റെയും കരിന്താങ്കണ്ടി ചീരുവിന്റെയും മകനായാണ് ജനനം. കീലേരി കുഞ്ഞിക്കണ്ണന്റെ സർക്കസ് പരിശീലനകേന്ദ്രം തലശ്ശേരിയിൽ നിറഞ്ഞുനിൽക്കുന്ന സമയമാണത്. അദ്ദേഹം തലശ്ശേരി ബി.ഇ.എം.പി. സ്കൂൾ അധ്യാപകനുമായിരുന്നു. സർക്കസ് ലഹരി കാരണം അമ്പു അദ്ദേഹത്തിന്റെ ശിഷ്യനായി ചേർന്നു. പിന്നീട് പരിശീലനകേന്ദ്രത്തിലുമെത്തി. പഠനം പൂർത്തിയാക്കിയശേഷം സ്വന്തമായി സർക്കസ്‌ കമ്പനി തുടങ്ങുകയായിരുന്നു അമ്പുവിന്റെ ലക്ഷ്യം.

അദ്ദേഹം തന്റെ ട്രൂപ്പിൽ സ്ത്രീകളെ കലാകാരികളാക്കി. തലശ്ശേരിയിലെ പ്രമുഖ സർക്കസ് കലാകാരികളായ കുഞ്ഞിമാത, നാണി, കല്യാണി എന്നിവരെയും അദ്ദേഹത്തിന്റെ മരുമകൻ കെ.വി.ഗോപി, കെ.വി.രാമൻ, ഹൊറിസോണ്ടൽ ബാർ കലാകാരൻ ഗോപി, കണ്ണൻ ബോംബായ് എന്നിവരെയും ഉൾപ്പെടുത്തി. ഹിറ്റ്‌ലർ ‘മലക്കപ്പിശാച്’ എന്നുവിളിച്ച കണ്ണൻ ബോംബായ് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സർക്കസ് താരമായിരുന്നു. 1917-ൽ തന്റെ ട്രൂപ്പിനെ മംഗളൂരുവിലെ സാന്റോ ശേഷപ്പയുടെ സർക്കസ് ട്രൂപ്പുമായി ലയിപ്പിച്ചു.

തുടർന്ന് പരശുറാം ലയൺ സർക്കസിന്റെ ട്രൂപ്പ് ലീഡറായി പ്രൊഫ. അമ്പു മാറി. 1930-ൽ അദ്ദേഹത്തെ അവർ പിരിച്ചുവിട്ടു. രണ്ടുവർഷത്തിനുശേഷം 1932-ൽ അദ്ദേഹം മഹാരാഷ്ട്രയ്ക്ക് സമീപം അകോല കാട്ടൂലിൽ ഗ്രാന്റ് ഫെയറി സർക്കസ് കമ്പനി തുടങ്ങി. കുറച്ചു കാലംകൊണ്ട് ഇന്ത്യയിലെ പ്രമുഖ സർക്കസ് കമ്പനിയായി ഇത് മാറി.

സർക്കസിനെ അടിമുടി മാറ്റിയതാണ് പ്രൊഫ. അമ്പുവിന്റെ നേട്ടം. പുതുമയാർന്ന ഇനങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന റോപ് ഡാൻസ്, ലാഡർ ബാലൻസ്, സ്റ്റണ്ട് സൈക്കിൾ, വയർ ഡാൻസ്, സ്ലാൻഡിങ് വയർ തുടങ്ങിയവയിലൊക്കെ അവർക്ക് പരിശീലനം നൽകി റിങ്ങിൽ അവതരിപ്പിച്ചു. വിവിധതരം ക്ലാസിക്കൽ നൃത്തങ്ങൾ സർക്കസിൽ കൊണ്ടുവന്നതും അദ്ദേഹമാണ്. അതിനായി പ്രമുഖ കഥകളി ആചാര്യനും നൃത്തവിദ്വാനുമായ ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കൊണ്ടുവന്ന് കലാകാരികളെ നൃത്തം പഠിപ്പിച്ചു. പിന്നീട് പല സർക്കസ് കമ്പനികളും ഇത് പിന്തുടർന്നു.

അമ്പുവിന്റെ സർക്കസ്‌ പാടവം കണ്ട മൈസൂർ രാജാവ് ജയചാമരാജ വോഡയാർ അദ്ദേഹത്തിന് പ്രൊഫസർ സ്ഥാനം നൽകി. 25 തോല സ്വർണവളകളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ചിറമ്മൽ അമ്പു പ്രൊഫ. അമ്പുവായത്. പകർച്ചപ്പനി ബാധിച്ച്‌ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം തലശ്ശേരിയിൽ എത്തിച്ചാണ് സംസ്കരിച്ചത്.