തിരുവല്ല: മാർത്തോമ്മ സഭ, ഡോ. യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നീ എപ്പിസ്‌കോപ്പാമാരെ സഫ്രഗൻ മെത്രാപ്പൊലീത്തമാരായി വാഴിച്ചു. മാർത്തോമ്മാ സഭാധ്യക്ഷനായ മെത്രാപ്പൊലീത്തയെ സഹായിക്കുകയാണ് സഫ്രഗൻ മെത്രാപ്പൊലീത്തമാരുടെ ചുമതല.

സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനിലെ ചാപ്പലിൽ ഞായറാഴ്ച രാവിലെ ഒൻപതിന് വാഴിക്കൽ ചടങ്ങ് തുടങ്ങി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. എപ്പിസ്‌കോപ്പമാരായ തോമസ് മാർ തീത്തൂസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, മാത്യൂസ് മാർ മക്കാറിയോസ്, എബ്രഹാം മാർ പൗലോസ് എന്നിവർ സഹകാർമികരായി. തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി.

വിശുദ്ധകുർബാനമധ്യേ വാഴിക്കൽ നടന്നു. പുതിയ വികാരി ജനറലായി റവ. ജോർജ് മാത്യുവിനെ നിയമിച്ചു. സഭാസെക്രട്ടറി റവ.കെ.ജി.ജോസഫ് സഭാധ്യക്ഷന്റെ കല്പന വായിച്ചു.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിശ്വാസികൾക്ക് പ്രവേശനം ഇല്ലായിരുന്നു. വൈദികട്രസ്റ്റി റവ.തോമസ് അലക്‌സാണ്ടർ, അൽമായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് എന്നിവർ ഷാൾ അണിയിച്ചു. ഓർത്തഡോക്‌സ് സഭയിലെ സഖറിയാസ് മാർ അപ്രേം, ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിലെ മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.