കൊല്ലം : സ്വന്തം പദ്ധതികളുടെയെല്ലാം മേൽനോട്ടം കിഫ്ബിക്ക് കൈമാറുമ്പോൾ ആവശ്യമായ ജീവനക്കാരില്ലാത്തതിനെച്ചൊല്ലി ആശയക്കുഴപ്പം. നിർമാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കേണ്ട കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്നം. കെ.ആർ.എഫ്.ബി.യുടെ ഡിവിഷനുകളിൽ ഒരു എക്സിക്യുട്ടീവ് എൻജിനീയറും അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ തസ്തികകളിൽ മൂന്നുപേർവീതവുമാണുള്ളത്. ഇതിനുതാഴെ സ്ഥിരം ജീവനക്കാരാരുമില്ല.

പ്രോജക്ട് എൻജിനീയർ, സൈറ്റ് സൂപ്പർവൈസർ തസ്തികകളിൽ കരാർ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഡിവിഷണൽ അക്കൗണ്ടൻറുമാരെയും നിലവിൽ നിയമിച്ചിട്ടില്ല. വലിയ പാലങ്ങളുടേതടക്കമുള്ള നിർമാണപ്രവൃത്തികളുടെ മേൽനോട്ടത്തിന് ഇത്രയും ജീവനക്കാർ മതിയാകില്ല. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ കൂടുതൽ പേരെ നിയമിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ കരാർ നിയമനങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവ് പദ്ധതികളുടെ വേഗം കുറയ്ക്കുമോയെന്ന് ആശങ്കയുണ്ട്.

കിഫ്ബിയുമായി ബന്ധപ്പെട്ട പാലങ്ങളുടെ പ്രവൃത്തികൾ ജൂലായ് 12-നുമുൻപ്‌ കൈമാറണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ആശയക്കുഴപ്പം കാരണം കെ.ആർ.എഫ്.ബി.ഇവ ഏറ്റെടുത്തിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം. 75 ശതമാനത്തിലേറെ നിർമാണം പൂർത്തിയായ പ്രവൃത്തികൾ ഏറ്റെടുക്കേണ്ട എന്നൊരു നിർദേശം വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കും.

നിലവിൽ പൊതുമരാമത്തുവകുപ്പ് നടത്തുന്നതുൾപ്പെടെ നിർമാണത്തിലിരിക്കുന്ന സ്വന്തം പദ്ധതികളുടെയെല്ലാം മേൽനോട്ടവും നടത്തിപ്പും പൂർണമായും കിഫ്ബിക്ക് കൈമാറാൻ കഴിഞ്ഞയാഴ്ചയാണ് തീരുമാനിച്ചത്.