മംഗളൂരു: കനത്ത മഴയിൽ റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് തടസ്സപ്പെട്ട കൊങ്കൺപാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ 8.50-ന് അജ്മീർ-എറണാകുളം എക്സ്പ്രസ് (02978) ഇതുവഴി കടത്തിവിട്ടു. മണ്ണ് മാറ്റി കേടുപാടുകൾ തീർത്ത പാതയിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടി കടത്തിവിട്ടത്‌.

ശനിയാഴ്ച അർധരാത്രിയോടെ പാതയിലെ മണ്ണ് പൂർണമായും നീക്കി. പാളത്തിന്റെ അറ്റുകുറ്റപ്പണിയും വൈദ്യുതലൈനിന്റെയും കേബിളിന്റെയും കേടുപാടുകളും തീർത്ത് പുലർച്ചെയോടെ ആദ്യം എഞ്ചിൻ ഓടിച്ചു. വേഗം കുറച്ച് ചരക്കുവണ്ടിയും കടത്തിവിട്ടു. തുടർന്നാണ് രാവിലെ യാത്രാവണ്ടി ഓടിയത്‌.

മംഗളൂരു ജങ്ഷൻ-തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കുലശേഖര തുരങ്കത്തിനടുത്താണ് വെള്ളിയാഴ്ച രാവിലെയോടെ പാളത്തിലേക്ക് മണ്ണിടിഞ്ഞത്. ഇതോടെ രണ്ടുദിവസമായി കൊങ്കൺപാത വഴിയുള്ള തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മഴ ശക്തമാണ്. അപകടസാധ്യത കണക്കിലെടുത്ത് വേഗം കുറച്ചേ ഇതുവഴി തീവണ്ടികൾ കടത്തിവിടുകയുള്ളുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.