കണ്ണൂർ: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ മൂല്യനിർണയ ക്യാമ്പ് ആരംഭിക്കാനുള്ള കണ്ണൂർ സർവകലാശാലാ നിലപാടിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ.) പ്രതിഷേധിച്ചു. 19 മുതൽ മൂല്യനിർണയ ക്യാമ്പ് തുടങ്ങാനാണ് തീരുമാനം. ഹൈബ്രിഡ് മൂല്യനിർണയമെന്ന പേരിൽ പ്രവൃത്തിദിനങ്ങളിൽ ക്യാമ്പ് മൂല്യനിർണയവും അവധിദിനങ്ങളിൽ വീടുകളിൽ ഇരുന്ന് മൂല്യനിർണയവും എന്ന വിചിത്രമായ നിലപാടാണ് സർവകലാശാലയുടെത്.

കോവിഡ് കാലഘട്ടത്തിൽ സർവകലാശാലയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. പല വിഷയങ്ങളിലും ഉത്തരസൂചിക ലഭിച്ചിട്ടില്ല. ചോദ്യക്കടലാസ് തയ്യാറാക്കുന്ന അധ്യാപകരുടെ പക്കൽനിന്ന്‌ ഉത്തരസൂചിക കൈപ്പറ്റാത്തത് സർവകലാശാലയുടെ വീഴ്ചയാണ്. പരീക്ഷാജോലികളുമായി സഹകരിക്കുന്ന അധ്യാപകരെ പരിഹസിക്കുന്ന ഇത്തരം നിലപാടുകളിൽനിന്ന്‌ സർവകലാശാല പിന്തിരിയണം. ടി.പി.ആർ. 10-ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പ് മൂല്യനിർണയം ഒഴിവാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പരീക്ഷാവിഭാഗത്തിന്റെ തുടർച്ചയായുള്ള വീഴ്ചകൾ ചാൻസലറായ ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ്, പ്രൊഫ. ഇ.എസ്. ലത, ഡോ. ജി. പ്രേംകുമാർ, ഡോ. പി. പ്രജിത, ഡോ. ജയ്സൺ ജോസഫ്, ഡോ. കെ. നസീമ, പ്രൊഫ. നന്ദകുമാർ കോറോത്ത് എന്നിവർ സംസാരിച്ചു.