കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ കായികതാരങ്ങൾക്കായി സോണൽതല സെലക്‌ഷൻ ട്രയൽസ് 20-ന് രാവിലെ എട്ടിന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. 2021-22 അധ്യയനവർഷത്തേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സ്‌കൂൾ സ്‌പോർട്‌സ് അക്കാദമികളിലേക്കും എലൈറ്റ് സ്‌കീം, ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതികളിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനാണ് ട്രയൽ.

അത്‌ലറ്റിക്‌സ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്‌ലിങ്, തയ്‌കൊണ്ടോ, സൈക്ലിങ്, നെറ്റ്‌ബോൾ, ഹോക്കി, കബഡി, ഹാൻഡ്‌ബോൾ, ഖോഖോ, കനോയിങ്, കയാക്കിങ്, റോവിങ് എന്നീ കായിക ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് സെലക്‌ഷൻ.

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ ഇനങ്ങളിൽ ജില്ലാതല സെലക്‌ഷൻ ട്രയൽസിൽ എൻട്രി കാർഡ് ലഭിച്ചവർക്കേ പങ്കെടുക്കുവാൻ കഴിയൂ. ഓപ്പറേഷൻ ഒളിമ്പ്യ സ്‌കീമിൽ അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഫെൻസിങ്, റോവിങ് കായിക ഇനങ്ങളിലും എലൈറ്റ് സ്‌കീമിൽ അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ, വോളിബോൾ കായിക ഇനങ്ങളിലുമാണ് സെലക്‌ഷൻ ട്രയൽ നടത്തുന്നത്. ദേശീയതലത്തിൽ മെഡൽ നേടിയ കായികതാരങ്ങളെയാണ് ഈ സ്‌കീമുകളിൽ പരിഗണിക്കുക.

സ്കൂൾ ഹോസ്റ്റലിലേക്ക് ഏഴ്, എട്ട് (14 വയസ്സിന് താഴെയുളളവർ), പ്ലസ് വൺ ക്ലാസുകളിലേക്കും കോളേജിലേക്ക് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് പ്രവേശനം. സംസ്ഥാന മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയ മത്സരത്തിൽ പങ്കെടുത്തവർക്കും ഒൻപതാം ക്ലാസിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാം.

കളിക്കാർ 24 മണിക്കൂർ മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയുടെ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. സ്‌പോർട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് പ്രഥമാധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. ഫോൺ: 0497 2700485, 9562207811.