ശബരിമല: ശബരിമല ദർശനത്തിനായി വരുംവർഷങ്ങളിലും വെർച്വൽ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശബരിമലയിൽ ദർശനത്തിെനത്തിയതായിരുന്നു അദ്ദേഹം.
പോലീസുകാർ സ്വന്തം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടെയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു ഇത്തവണ. ഇത് പോലീസുദ്യോഗസ്ഥർ വളരെ മികച്ച രീതിയിൽ, പരാതിക്കിടയില്ലാത്തവിധം കൈകാര്യംചെയ്തു.
ആരോഗ്യവിഭാഗവും മികച്ച സേവനമാണ് ശബരിമലയിൽ നടത്തിയത്. ശബരിമലയിൽ സേവനത്തിനെത്തിയ ഏതാനും പോലീസുകാർ കോവിഡ് ബാധിതരായി. ഇതേത്തുടർന്ന് രോഗപ്രതിരോധത്തിന് മുൻഗണന നൽകിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയത്-ഡി.ജി.പി. പറഞ്ഞു.
രാവിലെ ഒൻപതുമണിയോടെ ശബരിമലയിലെത്തിയ ഡി.ജി.പി., ശ്രീകോവിലിനുമുന്നിൽ കാണിക്കയർപ്പിച്ച് തൊഴുതു. തുടർന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന് മേൽശാന്തി രജിൽ നീലകണ്ഠൻ നമ്പൂതിരി പ്രസാദം നൽകി. പിന്നീട് തന്ത്രി കണ്ഠര് രാജീവരെയും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും സന്ദർശിച്ചു.
മകൻ അനീത് തേജിയും ഒപ്പമുണ്ടായിരുന്നു.