തിരുവനന്തപുരം: കോവിഡ് ഭീതിക്കിടയിലും പി.എസ്.സി. പരീക്ഷയെഴുതാൻ ഞായറാഴ്ച രണ്ടരലക്ഷം പേർ എത്തി. പ്ലസ്ടുതല പ്രാഥമികപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളൊരുക്കിയിരുന്നു.

ഭൂരിഭാഗംപേരും പരീക്ഷയ്ക്കെത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് പരീക്ഷാർഥികളെ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകസൗകര്യമൊരുക്കിയിരുന്നു.

ശരാശരിയിൽ കവിഞ്ഞ നിലവാരമുള്ള പരീക്ഷയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. പാഠ്യപദ്ധതിക്കകത്തുനിന്നുതന്നെയുള്ള ചോദ്യങ്ങളായിരുന്നു. ‘മാതൃഭൂമി തൊഴിൽവാർത്ത’യുടെ പരിശീലനം സഹായിച്ചതായി പരീക്ഷയെഴുതിയവർ പറഞ്ഞു. പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഏപ്രിൽ പത്തിനായിരുന്നു. നാലരലക്ഷത്തോളം പേർ അന്ന് പരീക്ഷയെഴുതി.

മറ്റു മത്സരപ്പരീക്ഷകളുള്ളതിനാലും കോവിഡ് കാരണവും അന്നത്തെ പരീക്ഷയെഴുതാനാകാത്തവർക്ക് ഞായറാഴ്ച സൗകര്യം നൽകിയിരുന്നു. തക്കതായ കാരണത്താൽ രണ്ടുഘട്ട പരീക്ഷകൾക്കും ഹാജരാകാൻ കഴിയാത്തവർക്ക് മൂന്നാംഘട്ടമായി ഒരുപരീക്ഷകൂടി നടത്തുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല.

പ്ലസ്ടു വിജയം യോഗ്യതയായുള്ള തസ്തികകളിലെ അപേക്ഷകർക്കാണ് പൊതുപരീക്ഷ നടത്തുന്നത്. ഇതിൽ ഓരോ തസ്തികയ്ക്കനുസരിച്ച് നിശ്ചിതമാർക്ക് ലഭിക്കുന്നവർക്ക് മുഖ്യപരീക്ഷ പിന്നീട് നടത്തും. പോലീസ്-എക്സൈസ് സിവിൽ ഓഫീസർമാർ, ഫയർമാൻ തുടങ്ങി യൂണിഫോം സേനകളിലേക്കുള്ള നിയമനമാണ് ഇവയിൽ കൂടുതലും.