തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ അന്വേഷണം അവസാനിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഇടപെടൽകൊണ്ടാണെന്ന് റോ മുൻ ഉദ്യോഗസ്ഥൻ രാജേഷ് പിള്ള. കേസിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ അനാവശ്യമായി വലിച്ചിഴച്ചതാണെന്ന് കേസ് അന്വേഷിച്ച റോയുടെ സംഘത്തിലുണ്ടായിരുന്ന ഇൻസ്പെക്ടർ രാജേഷ് പിള്ള വ്യക്തമാക്കി. നമ്പി നാരായണനടക്കമുള്ളവരെ കുരുക്കിലാക്കിയ ഗൂഢാലോചനയെപ്പെറ്റി തുടരന്വേഷണത്തിന് സി.ബി.ഐക്ക്‌ സുപ്രീംകോടതി നിർദേശം നൽകിയിതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

ചാരക്കേസ് രാഷ്ട്രീയമായും മകന്റെ രക്ഷയ്ക്കും നരസിംഹ റാവു ഉപയോഗിച്ചു. വിവാദമെല്ലാം കരുണാകരന്റെ തലയിൽവെച്ചു. ഫോക്കസ് നഷ്ടപ്പെടാതെയുള്ള അന്വേഷണം നടന്നില്ല. റോ റാവുവിന്റെ കീഴിലായിരുന്നതിനാൽ എളുപ്പത്തിൽ മാനേജ് ചെയ്യാനായി. സത്യം പുറത്തുവരാനുള്ള അവസാന അവസരമാണ് ഇപ്പോഴത്തെ അന്വേഷണം. അതാണ് ഇത്രയുംകാലം മിണ്ടാതിരുന്നത് ഇപ്പോൾ പറയുന്നത്- ഡിവൈ.എസ്.പിയായിരിക്കെ സർവീസിൽനിന്നു രാജിവെച്ച രാജേഷ് പറഞ്ഞു.

*കരുണാകരന് പങ്കില്ല

കെ. കരുണാകരന് പങ്കില്ലെന്നു റോയുടെ റിപ്പോർട്ടിലുണ്ട്. രമൺ ശ്രീവാസ്തവയ്ക്കെതിരേ ആരോപണമുയർന്നപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ശുപാർശയുമായി കരുണാകരന്റെയടുത്തു ചെന്നു. കരുണാകരൻ കട്ടായം പറഞ്ഞു- വേറേ എന്തു വിഷയത്തിലായാലും ഇടപെടാം, സംരക്ഷിക്കാം. രാജ്യദ്രോഹമായാൽ പറ്റില്ല. ഇക്കാര്യവും റിപ്പോർട്ടിലുണ്ട്. ഐ.ബിയും കേരള പോലീസും നടത്തിയ അന്വേഷണമെല്ലാം തെറ്റാണെന്നു വരുത്താനായിരുന്നു സി.ബി.ഐ. ശ്രമിച്ചത്.

*മറിയം റഷീദയെ നിരീക്ഷിച്ചിരുന്നു

ഐ.എസ്.ആർ.ഒയുടെ ക്രയോജനിക് സാങ്കേതികവിദ്യ മാലിക്കാരായ യുവതികൾ ചോർത്തിയെന്നോ ഇല്ലെന്നോ പറയുന്നില്ല. പരീക്ഷണ റോക്കറ്റ്‌ വിക്ഷേപണം എത്രയാണെന്നതുപോലും പുറത്തുള്ളവർക്ക് ഇന്റലിജൻസ് റിപ്പോർട്ടാണ്. ഇങ്ങനെയുള്ള കാര്യങ്ങളെടുത്തതിനപ്പുറം വിലപേശൽ നടന്നു എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ടായി. അതൊന്നും തെളിയിക്കാനുള്ള സമയം കിട്ടിയില്ല. അവർ വിവരങ്ങൾ ശേഖരിച്ചു എന്നത് 100 ശതമാനം ശരിയാണ്. 254 രേഖകൾ കാണാനില്ലെന്നും അതത്ര പ്രസക്തമല്ലെന്നും സി.ബി.ഐ. റിപ്പോർട്ടിലുണ്ട്. എന്നെയൊക്കെ മാറ്റിനിർത്തിയശേഷമാണ് നമ്പി നാരായണനെ അറസ്റ്റുചെയ്തത്.

മറിയം റഷീദ ഐ.എസ്.ആർ.ഒയിലേക്കു വിളിച്ചതിന്റെയും അവിടുന്നു ചിലർ തിരിച്ചുവിളിച്ചതിന്റെയും രേഖകളുണ്ട്. ചാരപ്രവർത്തനമില്ലെന്നു കരുതിയാൽപ്പോലും സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനമുണ്ട്. മാലി സർക്കാരിനെതിരേ ബെംഗളൂരുവിൽ നടക്കുന്ന വിമത പ്രവർത്തനങ്ങളുടെ വിവരം ശേഖരിക്കാൻ വന്ന പോലീസ് കോൺസ്റ്റബിളാണ് അവർ.

ചാരക്കേസിനു മുമ്പേ മറിയം റഷീദ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. അതു വേറേ കാര്യങ്ങളിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നപ്പോൾ ഇമിഗ്രേഷനിലുള്ള കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക് മറിയം റഷീദയുടെ പേര് താൻ എഴുതി നൽകിയിരുന്നു. ഇവരെത്തിയാൽ കണ്ടെത്തണമെന്നും പറഞ്ഞു.