കൊച്ചി: പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടാ. പോലീസ് ഓഫീസറെ നേരിൽക്കണ്ട് വീട്ടിലിരുന്നുതന്നെ പരാതി നൽകാം. പോലീസ് സ്റ്റേഷനും വിരൽത്തുമ്പിലേക്ക് എത്തിക്കാനുള്ള വെർച്വൽ സംവിധാനത്തിന് ഈവർഷം സംസ്ഥാനത്ത് തുടക്കമാകും.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.

പോലീസ് ആധുനികീകരണത്തിന്റെ ഭാഗമായാണ് വെർച്വൽ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയായിരിക്കും പ്രവർത്തനം. വീട്ടിലിരുന്നോ അല്ലെങ്കിൽ വെർച്വൽ പോലീസ് സ്റ്റേഷന്റെ ഭാഗമായ കൗണ്ടറുകൾ വഴിയോ പോലീസ് സേവനങ്ങൾ തേടാം. ഓരോ മേഖലയിലും ഇതിനായി കൗണ്ടറുകളുണ്ടാകും. പരാതി നൽകുന്നതിനൊപ്പം വീഡിയോ കോൺഫറൻസിലൂടെ പോലീസ് ഓഫീസറെ നേരിൽക്കാണാനും സൗകര്യമുണ്ടാകും.

ഈ പരാതികൾ അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് തുടർനടപടിക്ക്‌ കൈമാറും. പരാതി സ്വീകരിച്ചാൽ പരാതിക്കാരന് സന്ദേശം ലഭിക്കും.

വെർച്വൽ പോലീസ് സ്റ്റേഷനുകൾ ഈ വർഷംതന്നെ പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് എ.ഡി.ജി.പി.യും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം പറഞ്ഞു. വെർച്വൽ പോലീസ് സ്റ്റേഷനായി അഞ്ചുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.