തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസി. പ്രൊഫസർ നിയമനം ലഭിക്കാൻ സി.പി.എം. നേതാവ് പി.കെ. ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയൻ സമർപ്പിച്ച ഗവേഷണപ്രബന്ധം ഡേറ്റാമോഷണത്തിലൂടെ തയ്യാറാക്കിയതാണെന്ന് പരാതി. പ്രബന്ധത്തിനുലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. ക്രമക്കേടിനെതിരേ നടപടി സ്വീകരിച്ച് നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർ, യു.ജി.സി. ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകി.

ബയോകെമിസ്ട്രി പഠനവകുപ്പിലാണ് ഡോ. വിജി വിജയനെ അസി. പ്രൊഫസറായി നിയമിച്ചത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ബിജുവിന്റെ ഭാര്യക്ക് 2020-ൽ നിയമനംനൽകിയതെന്ന് പരാതിയുണ്ടായിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച ഗവേഷണപ്രബന്ധങ്ങൾക്ക് ലഭിച്ച മാർക്കിന്റെകൂടി അടിസ്ഥാനത്തിലാണ് ഇവർക്ക് ഒന്നാംറാങ്ക് നൽകിയത്. സയൻസ് വിഷയങ്ങളിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണപ്രബന്ധം തയ്യാറാക്കുന്നത്. ഡേറ്റാതട്ടിപ്പ് കണ്ടെത്താൻ സഹായിക്കുന്ന ‘പബ്പീർ’ എന്ന വെബ്‌സൈറ്റാണ് ഡോ. വിജി വിജയന്റെ പ്രബന്ധത്തിലെ ഡേറ്റ മറ്റുള്ളവർ നേരത്തേ പഠനത്തിനുവേണ്ടി സമാഹരിച്ചതാണെന്ന് കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. മറ്റൊരാൾ തയ്യാറാക്കിയ വിവരങ്ങൾ അതേപടി പകർത്തി ഗവേഷണപ്രബന്ധം സമർപ്പിക്കുന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് സേവ് യൂണിവേഴ്‌സി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും നൽകിയ പരാതിയിൽ പറയുന്നു.

വ്യക്തിഹത്യശ്രമം

രാഷ്ട്രീയലക്ഷ്യത്തോടെ വ്യക്തിഹത്യനടത്താനുള്ള ശ്രമമാണ് പരാതിക്കുപിന്നിലുള്ളത്. ഒരുവർഷംമുമ്പ് എല്ലാ വ്യവസ്ഥകളുംപാലിച്ചാണ് നിയമനംനടന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീസിസ് സമർപ്പിച്ചത്. ഡേറ്റതട്ടിപ്പ് നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് പരാതിക്ക് അടിസ്ഥാനം

-പി.കെ. ബിജു, മുൻ എം.പി.