കൊച്ചി: കസ്റ്റംസിന്റെ ഡോളർക്കടത്ത് അന്വേഷണം വഴിമുട്ടുന്നു. കേസിലെ ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റുമായ ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് സാധിക്കാത്തത് കേസന്വേഷണത്തിന് വെല്ലുവിളിയായിരിക്കയാണ്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികൾമാത്രമാണ് കേസിന് ബലമായുള്ളത്. കൈമാറിയ ഡോളറിന്റെ വിശദാംശങ്ങളോ തെളിവോ ലഭ്യമായിട്ടില്ല. ഡോളർക്കടത്തിൽ പങ്കാളിയാണെന്ന് കരുതുന്ന യു.എ.ഇ. മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയെ നയതന്ത്രപരിരക്ഷയുള്ളതിനാൽ ചോദ്യം ചെയ്യാനാകാത്ത അവസ്ഥയാണ്.

ഖാലിദ് 1.9 ലക്ഷം യു.എസ്. ഡോളർ ഈജിപ്തിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കേസ്. ഇതിന് സ്വപ്നയുടെയും സരിത്തിന്റെയും സഹായമുണ്ടായിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഖാലിദിനുപുറമേ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അൽഷെമിലി എന്നിവർ കേരളത്തിൽനിന്ന് അനധികൃമായി വിദേശകറൻസി കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. ഖാലിദിനെതിരേ സാമ്പത്തികകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ട് ആറുമാസം കഴിഞ്ഞു.

മുൻ കോൺസൽ ജനറലും അഡ്മിൻ അറ്റാെഷയും നിലവിൽ യു.എ.ഇ.യിലാണ്. നയതന്ത്രപരിരക്ഷയുള്ളതിനാൽ ഇവരെ ചോദ്യംചെയ്യൽ അസാധ്യമായതിനാൽ ‘അഭിമുഖത്തിന്’ അവസരമൊരുക്കണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിദേശകാര്യമന്ത്രാലയത്തിന് കത്തുനൽകിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും ഇതിൽ മറുപടി ലഭിച്ചിട്ടില്ല.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭരണഘടനാപദവി മാനിച്ച് അദ്ദേഹത്തിന്റെ വസതിയിൽച്ചെന്നാണ് മൊഴിയെടുത്തത്. ഡോളറുകളടങ്ങിയ ബാഗ് നൽകിയിട്ടില്ലെന്നും ‘ഗിഫ്റ്റ്’ എന്ന നിലയിൽ സ്വപ്നയ്ക്കും സംഘത്തിനും ബാഗ് മാത്രമാണ് നൽകിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബാഗ് കൈമാറിയ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന്‌ കസ്റ്റംസിന് ഇതുവരെ സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപരുത്തെ യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടില്ല.