കൊച്ചി: ഔഷധി ചെയർമാനും മുൻ എറണാകുളം ജില്ലാ കളക്ടറുമായിരുന്ന കെ.ആർ. വിശ്വംഭരൻ (72) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് മരണം.

മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ബിരുദ പഠന ശേഷം എറണാകുളം മഹാരാജാസിലും ലോ കോളേജിലും പഠിച്ച വിശ്വംഭരൻ, കാനറാ ബാങ്കിൽ ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടർന്ന് സർക്കാർ സർവീസിൽ ഫോർട്ട്‌കൊച്ചി തഹസിൽദാർ, പ്രോട്ടോക്കോൾ ഓഫീസർ, ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ., എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർ, ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ടെൽക്കിന്റെയും റബ്ബർ മാർക്കിന്റെയും എം.ഡി. എന്നീ നിലകളിലും പ്രവർത്തിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലറായാണ് വിരമിച്ചത്. കുറച്ചുനാൾ എറണാകുളത്ത് അഭിഭാഷകനായി.

മഹാരാജാസ് കോളേജ് പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കോളേജിന്റെ പൗരാണികത നിലനിർത്തുന്നതിൽ കെ.ആർ. വിശ്വംഭരൻ പ്രധാന പങ്കുവഹിച്ചു. ദീർഘകാലം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പൂർവ വിദ്യാർഥി സംഗമമായ മഹാരാജകീയം 2008-ൽ നടന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൃഷ്ണയ്യർ മൂവ്‌മെന്റിന്റെ ആരംഭത്തിൽ വൈസ് ചെയർമാനായിരുന്നു.

സ്വരലയ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക സംഘടനകളുടെ അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.

മാവേലിക്കര കുന്നം കാവിൽ വീട്ടിൽ പരേതരായ അച്യുതന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: കോമളം (എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അഭിരാമൻ, അഖില. മരുമക്കൾ: അഭികൃഷ്ണൻ, ഷബന. മൃതദേഹം ഇടപ്പള്ളി അഞ്ചുമന കൊച്ചി നഗരസഭ സോണൽ ഓഫീസിനു സമീപമുള്ള വസതിയിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന് പച്ചാളം ശ്മശാനത്തിൽ.