പത്തനംതിട്ട: സർക്കാർ വകുപ്പുകൾക്കിടയിലെ തർക്കത്തെ തുടർന്ന് പമ്പയിലെ ഹിൽടോപ്പിന്റെ പുനർനിർമാണം നിലച്ചു. വനത്തിൽ വാരിയിട്ടിരിക്കുന്ന മണ്ണിന്റെ പേരിൽ ജലവിഭവവകുപ്പും വനംവകുപ്പും തമ്മിലാണ് തർക്കം. പമ്പയിലെ ഹിൽടോപ്പിന്റെ പുനർനിർമാണം പൂർത്തിയാക്കാനാണ് മണ്ണ് വേണ്ടത്. ജലവിഭവവകുപ്പിന്റെ നേതൃത്വത്തിലാണ് ഹിൽടോപ്പിന്റെ അടിഭാഗത്തെ പമ്പയുടെ ഭാഗം കരിങ്കല്ലുകെട്ടി ഉയർത്തിയിട്ടുള്ളത്. ഇതിന് ഏകദേശം 20 അടിയിലധികം പൊക്കമുണ്ട്. മഹാപ്രളയകാലത്ത് ഇടിഞ്ഞുവന്ന ഹിൽടോപ്പിന്റെ അടിവശം കൽക്കെട്ടുമായി വളരെ അകന്നാണ് നിൽക്കുന്നത്. ഇൗ ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കിയില്ലെങ്കിൽ നല്ല മഴയെത്തിയാൽ കെട്ട് ഉൾപ്പെടെ ഇടിഞ്ഞ് വീണ്ടും പമ്പയാറ്റിലേക്ക് വീഴും. ഇതൊഴിവാക്കാനാണ് ത്രിവേണിയിൽനിന്ന് വാരി ചക്കുപാലത്തിന് സമീപം ഇട്ടിരിക്കുന്ന മണലിൽ 300 ലോഡ് വനംവകുപ്പിനോട് ജലവിഭവവകുപ്പ് ആവശ്യപ്പെട്ടത്.

എന്നാൽ, സർക്കാർ ഉത്തരവില്ലാതെ നൽകാനാകില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മണ്ണ് പ്രത്യേക ഉത്തരവ് പ്രകാരം സർക്കാർ നേരിട്ട് വാരിയാണ് ചക്കുപാലത്തിൽ ഇട്ടത്. ഇതിൽനിന്ന് എടുക്കണമെങ്കിൽ സർക്കാർ അനുമതിയുണ്ടാകണം. വനംവകുപ്പ് റാന്നി ഡിവിഷന്റെ ഇൗ തീരുമാനത്തിനെതിരേ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ.

നദിയിൽനിന്ന് വാരിയെടുത്തത് 1.30 ലക്ഷം ക്യുബിക് അടി മണൽ

2018-ലും 2020-ലുമായി 1.30ലക്ഷം ക്യുബിക് അടി മണലാണ് പമ്പ-ത്രിവേണിയിൽനിന്ന് വാരിയത്. 18-ൽ 65,000ക്യൂബിക് അടിയും 20-ൽ 70,000 ക്യുബിക് അടിയുമാണ് ത്രിവേണിയിൽനിന്ന് നീക്കിയത്. ഇതിൽ 2020-ൽ വാരിയ മണലിനെ ചൊല്ലിയാണ് വിവാദം. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ത്രിവേണിയിൽനിന്ന് മണൽ വാരി വനത്തിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഒരിടയ്ക്ക് വാരിയെടുത്ത മണൽ ലേലം ചെയ്ത് നൽകാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും ചെളി കയറിയതിനാൽ ആരും വാങ്ങിയില്ല.

വനംവകുപ്പിന് നിർദേശമില്ല

വനത്തിൽ വാരിക്കൂട്ടിയിട്ടിരിക്കുന്ന മണൽ ജലവിഭവവകുപ്പിന് കൊടുക്കണമെന്ന് വനംവകുപ്പിന് നിലവിൽ നിർദേശമില്ല. സർക്കാരിൽനിന്ന് ഉത്തരവ് വാങ്ങുകയാണെങ്കിൽ നൽകുന്നതിന് തടസ്സമില്ല.

-ഡി.എഫ്.ഒ., റാന്നി.