കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന് ആരോപിക്കുന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന് ആരോപിക്കുന്ന ഹർജിയിൽ സംഭവത്തെക്കുറിച്ച് വിജിലൻസും ഇ.ഡി.യും അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കഴിഞ്ഞവർഷം ഓഗസ്റ്റ് 17-ലെ ഉത്തരവ്.

ഇതിന്റെ തുടർച്ചയായാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്‌. ഇപ്പോൾ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന്‌ ഇ.ഡി. നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. തന്റെ ഭാഗം കേൾക്കാതെയായിരുന്നു ഇത്. സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.

ചന്ദ്രികയുടെ ഗവേണിങ് ബോഡി ചെയർമാന്റെ ചുമതലവഹിക്കുമ്പോൾ 10 കോടി രൂപ വെളുപ്പിച്ചെടുത്തെന്നായിരുന്നു കളമശ്ശേരി സ്വദേശിയുടെ പരാതി. എന്നാൽ, പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുക എന്ന ചുമതല മാത്രമേ ഗവേണിങ് കമ്മിറ്റിക്കുണ്ടായിരുന്നുള്ളൂവെന്ന് ഹർജിയിൽ പറയുന്നു.

ഹർജിയിൽ തീർപ്പാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.