കോട്ടയം: വൈദ്യുതി ബോർഡിന്റെ 10 ചെറുകിട ജലവൈദ്യുതി നിലയങ്ങളുടെ നിർമാണത്തിനുള്ള ഒരുക്കം പുരോഗതിയിൽ. 74 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ഇവയ്ക്കെല്ലാംകൂടി പ്രതീക്ഷിക്കുന്നത്. ഏഴെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നതിന് പുറമേയാണിത്. നിർമാണം പുരോഗമിക്കുന്നിടത്ത് 74 മെഗാവാട്ട് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 167.5 മെഗാവാട്ട് വൈദ്യുതികൂടി രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്തിന് ലഭിക്കും.

അപ്പർശെങ്കുളം (24 മെഗാവാട്ട്), ലാഡ്രം (3.5 മെഗാവാട്ട്), മാർമല(ഏഴ് മെഗാവാട്ട്), വാലത്തോട് (7.5 മെഗാവാട്ട്), ചെമ്പുകടവ് മൂന്ന് (7.5 മെഗാവാട്ട്), പീച്ചാട് (മൂന്ന് മെഗാവാട്ട്) എന്നിവയിൽ സ്ഥലം ഏറ്റെടുക്കൽ ബാക്കിയാണ്. ഇതിന് നടപടി തുടങ്ങിയിട്ടുണ്ട്. ആനക്കയം (7.5), ഓലിക്കൽ (അഞ്ച്), പൂവാരംതോട് (മൂന്ന്), മരിപ്പുഴ(ആറ്) എന്നിവയിൽ പദ്ധതി ടെൻഡർ ഘട്ടത്തിലേക്ക് കടന്നു.

ഭൂതത്താൻകെട്ട് (24), െപരിങ്ങൽകുത്ത്(24), അപ്പർ കല്ലാർ (രണ്ട്), പെരുവണ്ണാമൂഴി(ആറ്), പഴശി സാഗർ(7.5), ചിന്നാർ സ്റ്റേജ് ഒന്ന് (24) എന്നിവയുടെയാണ് നിർമാണം നടക്കുന്നത്. ഇവയ്ക്കൊപ്പം തുടക്കമിട്ട ചാത്തൻകോട്ട് നട രണ്ട്(ആറ് മെഗാവാട്ട്) പണി പൂർത്തിയാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ട്. പെരിയാറിലെ ഭൂതത്താൻകെട്ട് പണികൾ ഭൂരിഭാഗവും കഴിഞ്ഞു. ചില യന്ത്രങ്ങൾ വിദേശത്തുനിന്ന് എത്താനുള്ളതാണ് പൂർത്തീകരണത്തിന് തടസ്സം. ദേവികുളം അപ്പർകല്ലാർ പദ്ധതിയിൽ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ചിന്നാർ, പെരുവണ്ണാമൂഴി പദ്ധതികൾ അടുത്ത മാർച്ചിലേക്കാണ് പൂർത്തീകരണം ലക്ഷ്യമിടുന്നത്. പഴശി പദ്ധതി ഫെബ്രുവരിയിലും പൂർത്തിയായേക്കും.