തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തുന്ന വാതിൽപ്പടി സേവനപദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇത് നടപ്പാക്കുന്നത്.

പ്രായാധിക്യംമൂലം അവശത അനുഭവിക്കുന്നവർ, ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കെല്ലാം ഒരു കാർഡ് നൽകും. ഇതിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, വാർഡ് മെമ്പർ, ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തക, സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം പേരും ഫോൺ നമ്പറുമുണ്ടാവും. ഇവരെ ഫോണിൽ വിളിച്ച് സഹായം തേടാം.

സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനുള്ള ആദ്യപടിയാണ് വാതിൽപ്പടി സേവന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.