തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ കൂട്ടുകാർക്കെല്ലാം താണുപദ്മനാഭൻ ’ക്വാണ്ടം സ്വാമി’യായിരുന്നു. 1970-കളിൽ എം.എസ്‌സി. വിദ്യാർഥികൾക്ക്‌പോലും ഫിസിക്‌സിലെ ക്വാണ്ടം തിയറിയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നില്ല. എന്നാൽ ഡിഗ്രി പഠനകാലത്ത് ക്വാണ്ടം തിയറിയെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കുകയും സഹപാഠികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തിരുന്നയാളായിരുന്നു താണു പദ്മനാഭൻ. അതുകൊണ്ടാണ് സഹപാഠികൾ അദ്ദേഹത്തെ സ്നേഹപൂർവം ‘ക്വാണ്ടം സ്വാമി’ എന്ന് വിളിച്ചത്.

ശാസ്ത്രത്തോടൊപ്പം സിനിമയും നൃത്തവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മേഖലകളായിരുന്നുവെന്ന് സഹപാഠിയും സുഹൃത്തും യൂണിവേഴ്‌സിറ്റി കോളേജിൽ അധ്യാപകനുമായിരുന്ന കെ.കൃഷ്ണകുമാർ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി, കോട്ടയ്ക്കകത്തെ ഒന്നാം പുത്തൻതെരുവിലെ വീട്ടിൽ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രത്തോടൊപ്പം സംഗീതവും നൃത്തവും അദ്ദേഹം കൂടെക്കൂട്ടി.

കമലഹാസന്റെ വലിയ ആരാധകനായിരുന്ന താണു പദ്മനാഭൻ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കണ്ടിരുന്നു. മലയാളം, ഇംഗ്ളീഷ് സിനിമകളും കണ്ടിരുന്നെങ്കിലും ഹിന്ദിയോട് താത്‌പര്യമുണ്ടായിരുന്നില്ല. ഹിന്ദിഭാഷ വശത്താക്കുന്ന കാര്യത്തിലും അദ്ദേഹം പിറകിലായിരുന്നു.

കണക്ക് പഠിക്കാനായിരുന്നു താത്‌പര്യം. എന്നാൽ പ്രീഡിഗ്രി കാലത്ത് വായിച്ച ’ഫെയ്ൻമാൻ ലെക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്’ എന്ന പുസ്തകമാണ് ഫിസിക്‌സ് പഠിക്കാനുള്ള തീരുമാനത്തിലേക്ക്‌ എത്തിച്ചത്. അനിതരസാധാരണ പ്രതിഭയുള്ള വിദ്യാർഥിയായിരുന്നു താണു പദ്മനാഭനെന്ന് 75 മുതൽ 1977 വരെ അദ്ദേഹത്തെ പഠിപ്പിച്ച പ്രൊഫ. ശിവശങ്കരപ്പിള്ള ഓർമിക്കുന്നു.

പഠനകാലത്ത് യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രമാക്കിയുള്ള ’ട്രിവാൻഡ്രം സയൻസ് സൊസൈറ്റി’ യുടെ സജീവ പ്രവർത്തകനായിരുന്നു താണു പദ്മനാഭൻ. ബിരുദ പഠനകാലത്ത് തന്നെ താണു പദ്മനാഭന്റെ ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. സഹപാഠികൾക്ക് അദ്ദേഹം ഫിസിക്‌സിൽ ക്ലാസ് എടുത്തിരുന്നതായും കൃഷ്ണകുമാർ ഓർക്കുന്നു.

പഠനകാലത്ത് ശംഖുംമുഖത്തും മ്യൂസിയത്തും കറങ്ങിനടക്കലും സിനിമ കാണലും ബ്രിട്ടീഷ് ലൈബ്രറി സന്ദർശനവും ഒരുമിച്ചായിരുന്നുവെന്ന് കൃഷ്ണകുമാർ ഓർക്കുന്നു. കരകുളത്തിനടുത്ത് താണു പദ്മനാഭൻ കുറച്ച് ഭൂമി വാങ്ങിയിട്ടുണ്ടായിരുന്നു. ഇത് വിറ്റിട്ട് തിരുവനന്തപുരത്ത് ഒരു ഫ്ളാറ്റ് വാങ്ങുന്നതിന് കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി വെള്ളിയാഴ്ച അദ്ദേഹത്തെ വിളിക്കാൻ തുടങ്ങുമ്പോഴാണ് ടെലിവിഷനിലൂടെ സുഹൃത്തിന്റെ വിയോഗവാർത്ത അറിയുന്നത്.

2017-ൽ യൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫിസിക്‌സ് വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്.

പഠനകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നു ജോലിയും ഗവേഷണ അവസരങ്ങളും തേടി വന്നെങ്കിലും അതൊക്കെ നിരസിച്ചാണ് അദ്ദേഹം മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. അവിടെ ഗവേഷണം നടത്തിയിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ വസന്തിയെയാണ് വിവാഹം കഴിച്ചത്. സ്വിറ്റ്‌സർലൻഡിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുന്ന മകൾ ഹംസ ഗവേഷണകാലത്ത് കണ്ടുപിടിച്ച നക്ഷത്രത്തിന് അവളുടെ തന്നെ പേരാണ് നൽകിയതെന്ന പ്രത്യേകതയുമുണ്ട്.