മലപ്പുറം: എം.എസ്.എഫ്. ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ. മജീദ് എം.എൽ.എ. ഏതുവിഷയവും ഇനിയും ചർച്ചചെയ്യാൻ പാർട്ടി ഒരുക്കമാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിൽ വ്യക്തമാക്കി.

ഒരുമിച്ചു പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്നു പരിഹരിക്കുകയാണു വേണ്ടത്. ലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതിതേടി വരുന്നവർക്കു നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം.

നിരന്തര ചർച്ചകളിലൂടെയും നീതിപൂർവകമായ പരിഹാരങ്ങളിലൂടെയുമാണ് ലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്. ഈ ആദർശപതാക മുറുകെപിടിച്ചു പരസ്‌പരം സ്‌നേഹവും ബഹുമാനവും നിലനിർത്തി മുന്നേറാമെന്നും കെ.പി.എ. മജീദ് പറഞ്ഞു.

സ്വാഗതംചെയ്ത് മുൻ ഭാരവാഹികൾ

മജീദിന്റെ വാക്കുകൾ ഹരിതയുടെ മുൻ ഭാരവാഹികൾ സ്വാഗതംചെയ്തു. നേതാക്കളുടെ ഇത്തരം വാക്കുകൾ പ്രതീക്ഷ പകരുന്നുവെന്ന് സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്ന നജ്മ തബ്ശീറയും സന്തോഷമെന്ന് പ്രസിഡന്റായിരുന്ന മുഫീദ തെസ്‌നിയും പ്രതികരിച്ചു.