മാവേലിക്കര: വർഗീയപ്രചാരണം സമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്നത് അവസാനിപ്പിക്കണമെന്ന്‌ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.), ഓർത്തഡോക്‌സ്, മലങ്കര കത്തോലിക്ക, മുസ്‌ലിം മതമേലധ്യക്ഷന്മാരുടെ സംയുക്ത ആഹ്വാനം.

ഭാരത കത്തോലിക്ക മെത്രാൻസമിതി (സി.ബി.സി.ഐ.) വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, കെ.സി.സി. വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ്, മാവേലിക്കര ഇമാം അബ്ദുൽ വാഹിദ് മൗലവി എന്നിവരുടേതാണ് ആഹ്വാനം.

മാനവികതയെ തകർക്കുന്ന സമീപനവും പ്രതികരണങ്ങളും സമൂഹത്തിൽ വർധിച്ചുവരുന്നതു ഖേദകരമാണ്. മുറിവുകൾ ഉണക്കുന്നതിനും സാമൂഹിക തിന്മകൾക്കെതിരേയും എല്ലാവരും ഒന്നിച്ചുനിൽക്കണം.

ലഹരിവസ്തുക്കളുടെ ഉപഭോഗം, അക്രമ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയെ എല്ലാതലത്തിലെയും ആളുകളും പ്രതിരോധിക്കണം.

വിഭാഗീയതയും വിദ്വേഷവും വർധിപ്പിക്കുന്ന പ്രകടനങ്ങൾ ഒഴിവാക്കണമെന്നും നാലുപേരും ആവശ്യപ്പെട്ടു.

bbഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്bb

നാർകോട്ടിക് ജിഹാദ് എന്ന പദം വർഷങ്ങൾക്കുമുൻപ് ഐക്യരാഷ്ട്ര സംഘടന പറഞ്ഞിട്ടുണ്ട്. പാലാ രൂപത ബിഷപ്പ് ഏതു സാഹചര്യത്തിലാണു പരാമർശം നടത്തിയതെന്ന് അദ്ദേഹത്തിനു മാത്രമേ വ്യക്തമാക്കാനാകൂ. ആരെയും നിർബന്ധിച്ചു മതംമാറ്റുന്ന പ്രവണത പാടില്ല. കുടുംബക്കോടതികളിലെ കേസുകളുടെ എണ്ണം പരിശോധിച്ചാൽ നിർബന്ധിച്ചു മതംമാറ്റുന്ന രീതി ചിലയിടങ്ങളിലുണ്ടെന്നു മനസ്സിലാക്കാനാകും.

bbഅലക്സിയോസ് മാർ യൗസേബിയോസ്bb

തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലാകാം ജിഹാദ് എന്ന പദം പാലാ ബിഷപ്പ് ഉപയോഗിച്ചത്. അതു ഇസ്‌ലാമിക അർത്ഥത്തിലായിരിക്കില്ല. തീവ്രവാദത്തിൽ എല്ലാത്തരം പ്രവണതകളും വരുന്നുണ്ട്. ലഹരി സമൂഹത്തിന്റെ ശാപമായി മാറുകയാണ്. അതൊഴിവാക്കുകതന്നെ വേണം.

bbഅബ്ദുൾ വാഹിദ് മൗലവിbb

തെറ്റിനെ തെറ്റായി കാണണം. തലമുറയെ നശിപ്പിക്കുന്ന ലഹരി ഇല്ലാതാക്കാനാണു ശ്രമിക്കേണ്ടത്.