കൊച്ചി: നിയമബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യർ പൊതുസമൂഹത്തെയും നീതിന്യായവ്യവസ്ഥയെയും വഞ്ചിച്ചെന്ന് ഹൈക്കോടതി.

സെസി സേവ്യറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി. ഷെർസിയുടെ നിരീക്ഷണം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി ഹർജിക്കാരിയോട് ഉടൻ കീഴടങ്ങാനും ഇല്ലെങ്കിൽ അറസ്റ്റുചെയ്യാനും നിർദേശിച്ചു.

ബാർ അസോസിയേഷനിൽ അംഗത്വം നൽകുന്നതിനുമുമ്പ് അവരെക്കുറിച്ചുള്ള വിവരങ്ങൾ ബാർ കൗൺസിലിൽനിന്ന് ശേഖരിക്കുന്നതു ഭാവിയിൽ ഇത്തരം തട്ടിപ്പ് ഉണ്ടാകാതിരിക്കുന്നതിന് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

നിശ്ചിതയോഗ്യതയില്ലാതെ കോടതിയിൽ പ്രാക്ടീസ് ചെയ്തത് ഗൗരവകരമാണ്. സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തെറ്റാണിത്. ഇത്തരം പ്രവർത്തനങ്ങളെ ഉരുക്കുമുഷ്ടിയുപയോഗിച്ചു നേരിടണം. 27 വയസ്സ് മാത്രമുള്ള സ്ത്രീയാണെന്ന പരിഗണന നൽകിയാൽ ജുഡിഷ്യൽ സംവിധാനത്തിനു നാണക്കേടാണെന്നും പൊതുസമൂഹത്തിന് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നിർധനകുടുംബാംഗമായ തനിക്ക് സാമ്പത്തികപ്രതിസന്ധിമൂലമാണ് നിയമപഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. പ്രായക്കുറവും അപക്വതയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും വാദിച്ചിരുന്നു.

അഭിഭാഷകയായി താൻ കോടതിയിൽ ഹാജരായിട്ടില്ലെന്ന് സെസി വാദിച്ചെങ്കിലും ഇവർ വാദിച്ച ഒരു കേസിന്റെ വിധിന്യായത്തിൽ വിചാരണക്കോടതി പേരു രേഖപ്പെടുത്തിയത്‌ തെളിവായി ഹൈക്കോടതി പരിഗണിച്ചു. സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച ഊമക്കത്തിനെത്തുടർന്നാണ് ആലപ്പുഴ ബാർ അസോസിയേഷൻ പോലീസിൽ പരാതിനൽകുന്നത്. ഇതോടെ സെസി സേവ്യർ ഒളിവിൽപ്പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.