കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ 31.6 കോടി രൂപ മൂല്യമുള്ള സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ഭൂമിക്കും കെട്ടിടങ്ങൾക്കുംപുറമേ സ്വർണവും ആഡംബരക്കാറുകളും ബാങ്കുനിക്ഷേപങ്ങളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഓഗസ്റ്റിൽ പോപ്പുലർ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകൾ റിനു മറിയത്തെയും ഇ.ഡി. അറസ്റ്റുചെയ്തിരുന്നു. കെട്ടിടങ്ങളും ഭൂമിയുമായി 23 വസ്തുവകകൾ, നിക്ഷേപകരുടെ 32 കിലോ സ്വർണം 1132 ബാങ്ക് അക്കൗണ്ടുകളിലായി വീണ്ടും പണയംവെച്ചത്, പതിനെട്ട് ആഡംബരക്കാറുകളുൾപ്പെടെയുള്ള വാഹനങ്ങൾ, പന്ത്രണ്ട്‌ സേവിങ്‌സ് അക്കൗണ്ടുകളിലെ 23 സ്ഥിരനിക്ഷേപങ്ങൾ, പോപ്പുലർ ഗ്രൂപ്പിന്റെ 732 കറന്റ് അക്കൗണ്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്.

പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമകൾ മുപ്പതിനായിരത്തോളം നിക്ഷേപകരിൽനിന്നായി 1600 കോടി രൂപയാണ് വെട്ടിച്ചത്. സംഭവത്തിൽ പോലീസ് കേസിനുപിന്നാലെ 2020 ഒക്ടോബറിൽ ഇ.ഡി. കേസെടുത്തു.