കട്ടപ്പന: പുളിയൻമല നൂറേക്കർ എസ്റ്റേറ്റ് ഭാഗത്ത് സ്റ്റേവയർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കയറിയ പോസ്റ്റ് മറിഞ്ഞുവീണ് വൈദ്യുതി വകുപ്പ് ജീവനക്കാരൻ മരിച്ചു. കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ വർക്കർ വലിയതോവാള പാലന്താനത്ത് പി.ബി.സുരേഷ്(42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേക്കമ്പി പൊട്ടിമാറിയ പോസ്റ്റിൽ കമ്പി കെട്ടാനായി സുരേഷ് കയറുകയായിരുന്നു. തുടർന്ന് ചുവടിളകി പോസ്റ്റ് മറിഞ്ഞു. സേഫ്റ്റി ബെൽറ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാൽ സുരേഷിന് ചാടി മാറാനായില്ല. പോസ്റ്റ് താഴേക്ക്‌ പതിച്ചതിന്റെ ആഘാതത്തിൽ പരിക്കേറ്റ സുരേഷിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രഞ്ജിനി. മക്കൾ: ദേവി കൃഷ്ണ, ദയ കൃഷ്ണ.