തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന തീവ്രവാദ-വർഗീയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ സി.പി.എം. വിശദീകരിക്കുന്നു. പ്രൊഫഷണൽ കോളേജുകളിൽ യുവതികളെ വർഗീയ-തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊതുവേ വർഗീയ ആശയങ്ങൾക്ക് കീഴ്‌പ്പെടാത്ത ക്രൈസ്തവരിലും വർഗീയതയുടെ വിത്തുവീഴാൻ തുടങ്ങിയിരിക്കുന്നുവെന്നും സി.പി.എം. പറയുന്നു. പാർട്ടി സമ്മേളനങ്ങളിൽ വിശദീകരിക്കാൻ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കുറിപ്പിലാണ് പരാമർശങ്ങൾ.

സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ മതന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇസ്‌ലാമികരാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. സാമൂഹികമാധ്യമങ്ങളെയും ഇതിന് ഉപയോഗിക്കുന്നു. മുസ്‌ലിങ്ങളിലെ ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെപ്പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുത്തുന്നത് അതീവ ഗൗരവമുള്ളതാണെന്നും സി.പി.എം. പറയുന്നു.

വർഗീയ തീവ്രവാദത്തിലേക്ക് യുവജനങ്ങളെ ആകർഷിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പ്രൊഫഷണൽ കമ്പസ് കേന്ദ്രീകരിച്ച് യുവതികളെ ആ വഴിയിലേക്കു ചിന്തിപ്പിക്കാനുള്ള ഇടപെടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകം ശ്രദ്ധിക്കണം. ആക്രമണോത്സുക പ്രവർത്തനങ്ങളിലൂടെ എസ്.ഡി.പി.ഐ. മുസ്‌ലിം ചെറുപ്പക്കാരെ ആകർഷിക്കുകയാണ്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണം.

അടുത്തകാലത്തായി കേരളത്തിൽ ചെറിയൊരു വിഭാഗം ക്രൈസ്തവരിൽ വർഗീയ സ്വാധീനമുണ്ടായിട്ടുണ്ട്. ക്രൈസ്തവരെ മുസ്‌ലിങ്ങൾക്കെതിരേ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ഇടപെടണം.

ക്ഷേത്രങ്ങളിൽ ഇടപെട്ട് ബി.ജെ.പി.യെ പ്രതിരോധിക്കണം

ക്ഷേത്രവാർഡുകൾ ബി.ജെ.പി. തുടർച്ചയായി ജയിക്കുന്നു. ക്ഷേത്രങ്ങൾ ആശയപ്രചാരണ കേന്ദ്രമായി ബി.ജെ.പി. ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ ഇടപെട്ടും വിശ്വാസത്തെ ബഹുമാനിച്ചും ഇത് പ്രതിരോധിക്കാനാകണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിച്ചാകണം ഇടപെടൽ.

സംഘപരിവാർ അജൻഡ വർഗീയവത്കരണത്തിന് ഇടയാക്കുന്നെന്ന കാര്യം പ്രചരിപ്പിക്കാൻ കഴിയണം. ന്യൂനപക്ഷ വർഗീയത ന്യൂനപക്ഷങ്ങൾക്ക് ആപത്തായിത്തീരുമെന്ന കാര്യവും പ്രചരിപ്പിക്കണം. ഏതു വർഗീയതയും മറ്റൊരു വർഗീയതയെ പരിപോഷിപ്പിക്കാൻ മാത്രമേ സഹായകമാകൂ.

പാർട്ടിക്കു കീഴിലുള്ള സാംസ്കാരിക സംഘടനകളെയും കലാസമിതികളെയും ക്ലബ്ബുകളെയും ഇത്തരം ആശയങ്ങൾക്കെതിരായ പ്രചാരണ വേദികളായി ഉപയോഗിക്കണമെന്നാണ് കീഴ്ഘടകങ്ങളോട് നിർദേശിക്കുന്നത്.