നിലമ്പൂർ: നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിൽ എക്സൈസ് സംഘം വൻ ലഹരിമരുന്നുശേഖരം പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ 183 കിലോഗ്രാം കഞ്ചാവും ഒരുകിലോയോളം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. നാലുപേർ അറസ്റ്റിലായി. പ്രധാന പ്രതിയടക്കം മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ചെറു പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി ചാക്കിൽകെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറിലാണ് ഒരുലിറ്ററോളം ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്.

കഞ്ചാവ് സൂക്ഷിച്ച താഴെ കൂറ്റമ്പാറ സ്വദേശികളായ വടക്കുമ്പാടം വീട്ടിൽ അബ്ദുൽഹമീദ് (24), കല്ലിടുമ്പിൽ ജംഷാദ് (കുഞ്ഞിപ്പ-36), മേലെ കൂറ്റമ്പാറ നെല്ലിക്കുന്ന് ഓടക്കൽ അലി (34), എടക്കര ഇല്ലിക്കാട് കളത്തിൽ ഷറഫുദ്ദീൻ (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അമരമ്പലം നരിപൊയിൽ പൊടിയാട്ട് വിഷ്‌ണു (25), താഴെ കൂറ്റമ്പാറ ചേനേംപാടം കല്ലായി സൽമാൻ (34), പോത്തുകല്ല് പാതാർ സ്വദേശിയും ഒട്ടേറെ നർക്കോട്ടിക് കേസുകളിൽ പ്രതിയുമായ മഠത്തിൽ റഫീക് (പുള്ളിമാൻ-30) എന്നിവരാണ് എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടത്.

ഇവർക്കുവേണ്ടിയും ആന്ധ്രയിൽനിന്ന്‌ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് പ്രതികൾക്കു കഞ്ചാവെത്തിച്ച തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേർക്കുവേണ്ടിയും അന്വേഷണം ഊർജിതമാക്കി. ആന്ധ്രാപ്രദേശിൽനിന്ന് കഞ്ചാവെത്തിക്കുന്ന കാളികാവ് ചാഴിയോട് സ്വദേശിയായ പ്രധാനിയെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇൻസ്‌പെക്ടർ കെ.വി. നിധിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെയും ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖ്, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ്‌ അംഗം നിലമ്പൂർ എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം. ഹരികൃഷ്ണൻ, പി.വി. സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ടി. ജയാനന്ദൻ, ഇ. പ്രവീൺ, പി.സി. ജയൻ, ഇ. അഖിൽദാസ്, സി.കെ. സബിൻദാസ്, എബിൻ സണ്ണി, പി. രാകേഷ് ചന്ദ്രൻ, സി.ടി. ഷംനാസ്, എക്സൈസ് ഡ്രൈവർ കെ. പ്രദീപ്‌കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

വരവ് ആന്ധ്രയിൽനിന്ന്

ആന്ധ്രയിൽനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് പ്രതികൾ മൊഴിനൽകി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്‌ട്ര വിപണിയിൽ ഒരുകോടി രൂപവരെ വില ലഭിക്കും. എന്നാൽ, 10 മില്ലിലിറ്ററിന് 3000 രൂപ പ്രകാരമാണ് ഇവിടെ വിൽക്കുന്നതെന്ന് പ്രതികൾ മൊഴിനൽകി. ലിറ്ററിന് 75,000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയിൽ ആന്ധ്രയിൽനിന്ന്‌ ഇവർക്കു ലഭിക്കുന്നത്. ചില്ലറവിൽപ്പനയിലൂടെ ഒരുലിറ്ററിനു മൂന്നുലക്ഷം രൂപവരെ ലഭിക്കും. കഞ്ചാവിന് 10 ഗ്രാം പായ്ക്കറ്റിന് 500 രൂപയ്ക്കാണ് ചില്ലറവിൽപ്പന. പിടിക്കപ്പെട്ട പ്രതികൾ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് സൂചന. ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച ഒരു മോട്ടോർബൈക്കും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനം ഉപേക്ഷിച്ചനിലയിൽ

കഞ്ചാവ് കടത്താനുപയോഗിച്ചതെന്നു കരുതുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മിനി പിക്കപ്പ് വഴിക്കടവിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കഞ്ചാവ് കേരളത്തിലേക്കെത്തിച്ചത് പാലക്കാട് വാളയാർ ചെക്‌പോസ്റ്റ് വഴിയാണെന്നാണ് അധികൃതർക്കു ലഭിച്ച വിവരം. എന്നാൽ ലോഡിറക്കിയശേഷം തിരിച്ചുപോകാൻ ശ്രമിച്ചത് വഴിക്കടവ് നാടുകാണി ചുരം വഴിയാണെന്ന് കരുതുന്നു. വഴിക്കടവിലെ ചെക്‌പോസ്റ്റുകളിൽ തടഞ്ഞേക്കുമെന്ന ധാരണയിലാകാം വാഹനം ഉപേക്ഷിച്ചതെന്നു കരുതുന്നു.