കോഴഞ്ചേരി: തനിക്കെതിരേ എടുത്ത സസ്പെൻഷൻ നടപടി കോൺഗ്രസ് പാർട്ടി പിൻവലിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് മുൻ എം.എൽ.എ.യും മുതിർന്ന നേതാവുമായ അഡ്വ. കെ.ശിവദാസൻ നായർ. സാധാരണ പാർട്ടി പ്രവർത്തകനായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളിൽ പാർട്ടിക്കൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റുമാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരായ ചില പരാമർശങ്ങളാണ് കെ.ശിവദാസൻ നായരുടെ സസ്‌പെൻഷന് കാരണമായത്. തുടർന്ന് കെ.പി.സി.സി. അധ്യക്ഷൻ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശിവദാസൻ നായർ നൽകിയ മറുപടി തൃപ്തികരമാണെന്ന് കണ്ടെത്തിയാണ് സസ്‌പെൻഷൻ നടപടി അധികം വൈകാതെ പിൻവലിച്ചത്. സസ്പെൻഷൻ പിൻവലിച്ച വാർത്ത മാധ്യമങ്ങളിൽ വന്ന ശേഷമാണ് തനിക്ക് ഇ മെയിലിൽ സന്ദേശം ലഭിച്ചതെന്ന് ശിവദാസൻ നായർ പറഞ്ഞു.