തൃശ്ശൂർ: പൊതുജനാരോഗ്യമേഖല വഴി കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ഇനിയും ഏറെ കടമ്പകളുണ്ടെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റും വാക്സിൻ വിദഗ്ധയും ഇന്ത്യയിൽ വാക്സിനേഷൻ നടപ്പാക്കാനുള്ള അന്തിമ ഉപദേശക കമ്മിറ്റി അംഗവുമായ ഡോ. ഗഗൻദീപ് കാങ് ‘മാതൃഭൂമി’യോടു പറഞ്ഞു.

12 വയസ്സിനു മുകളിലുള്ളവർക്ക് സൈക്കോവ്-ഡി, 2-18 വയസ്സിനിടയിലുള്ളവർക്ക് കോവാക്സിൻ എന്നിവയാണ് നമ്മുടെ രാജ്യത്ത് കുട്ടികൾക്കായി നിർദേശിക്കപ്പെട്ടിട്ടുള്ള വാക്സിനുകൾ. നിർദേശിക്കപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതിനുള്ള അനുമതി കിട്ടിയിട്ടില്ല. വിവിധതലങ്ങളിൽ പഠനവും ചർച്ചകളും തുടരുകയാണ്.

സൈക്കോവ്-ഡി 1400 കുട്ടികൾക്കിടയിലെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശിക്കപ്പെട്ടത്. ഇവരിൽ 700 പേർക്ക് വാക്സിൻ നൽകി. ബാക്കി 700 പേർ വാക്സിൻ എടുക്കാത്തവരും. ഇവരിൽ ആർക്കും കോവിഡ് ബാധയുണ്ടായില്ല. അതുകൊണ്ടുമാത്രം ആ പഠനത്തെ ശരിവെക്കാനാകുമോ?

ഇവരിൽ 10 കുട്ടികളുടെ രക്തം മാത്രമാണ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നറിയാൻ പരിശോധിച്ചത്. ഇവരിൽ നടത്തിയ പഠനമാണോ രാജ്യത്തെ ബാക്കി കുട്ടികൾക്ക് വാക്സിൻ നൽകാൻ മാനദണ്ഡമാക്കുന്നത്?

അതേസമയം കോവാക്സിൻ എടുത്ത ലക്ഷക്കണക്കിന് മുതിർന്നവരുണ്ട്. അത്രയുംപേർക്ക് വാക്സിൻ എടുത്തതിന്റെ വിവരങ്ങൾ ലഭിക്കും. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറവുള്ള കുഞ്ഞുങ്ങൾക്ക് ഞാൻ കോവാക്സിൻ തന്നെ നിർദേശിക്കും. അപ്പോഴും ഞാൻ പറയും ആരോഗ്യമുള്ള 15 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ വാക്സിൻ നൽകേണ്ടതില്ല -ഗഗൻദീപ് കാങ് പറഞ്ഞു.

15 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികൾക്ക് വാക്സിൻ എടുക്കേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ?

തീർച്ചയായും. ആരോഗ്യമുള്ള കുട്ടികളിൽ കോവിഡ് ബാധ കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ല. ലക്ഷണങ്ങൾപോലുമുണ്ടാകില്ല. മാത്രമല്ല, അവർക്ക് സ്വാഭാവിക പ്രതിരോധശേഷിയും ലഭ്യമാകും. രോഗബാധയിൽനിന്ന് ആരൊക്കെയാണ് സുരക്ഷിതർ എന്ന് പരിശോധിക്കുമ്പോൾ അവരെ മൂന്നായി തിരിക്കാം. 1. രണ്ട് ഡോസ് വാക്സിൻ ലഭിച്ചതിനൊപ്പം സ്വാഭാവികമായി കോവിഡ് ബാധ ഉണ്ടായവർ. 2. സ്വാഭാവികമായി രോഗം വന്നുപോയവർ. 3. രണ്ട് ഡോസ് വാക്സിൻ ലഭിച്ചവർ.

കുട്ടികൾക്കായി നിർദേശിച്ച വാക്സിനുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

നിലവിൽ മികച്ച വാക്സിനില്ല എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴുള്ളതിൽ മികച്ചതെന്നു കണക്കാക്കുന്ന എം.ആർ.എൻ.എ. വാക്സിനുകൾ പല രാജ്യങ്ങളും 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് നൽകുന്നുണ്ടെങ്കിലും എത്ര ഡോസ് നൽകണമെന്ന കാര്യത്തിൽ പലരും വ്യത്യസ്ത നിലപാടിലാണ്.

യു.കെ.യിൽ ഒരു ഡോസാണ് നൽകുന്നതെങ്കിൽ യു.എസിൽ രണ്ട് ഡോസ് നൽകുന്നു. അപ്പോൾ നമ്മൾ ഏത് വാക്സിൻ സ്വീകരിക്കും. നമുക്ക് സ്വന്തമായി എം.ആർ.എൻ.എ. വാക്സിൻ ഇല്ല. ഇന്ത്യയിൽ ഇത്തരമൊരു തീരുമാനമെടുക്കാൻ എന്തുപഠനമാണ് നടന്നിട്ടുള്ളത്. നിലവിൽ രാജ്യത്ത് രോഗവ്യാപനം കുറവാണ്. ഗവേഷണം നടത്തി കൃത്യമായ വാക്സിൻ നയം രൂപപ്പെടുത്താൻ അനുയോജ്യമായ സമയമാണിത്. ശക്തമായ വിവരശേഖരണം നടത്തണം.

നാലുമുതൽ ആറുവരെ മാസംകൊണ്ട് അത് ഒരുക്കാവുന്നതേയുള്ളൂ. അതിനുശേഷം മാത്രം കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങാം. ഈ വൈറസിനൊപ്പം കൂടുതൽ കാലം ജീവിക്കേണ്ടിവരുക അവരാണ്. അപ്പോൾ അവർക്ക് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടേ?