കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം കാക്കനാട് ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്തു. മയക്കുമരുന്ന് വാങ്ങാൻ ആരെല്ലാമാണ് പണം വൻ തോതിൽ ഇറക്കിയതെന്ന് പ്രതികൾ വിവരിച്ചു. ഒന്നു മുതൽ നാലുവരെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, അഫ്‌സൽ മുഹമ്മദ്, മുഹമ്മദ് അജ്മൽ എന്നിവരെയാണ് ചോദ്യം ചെയ്തത്.

പ്രതികൾ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിച്ചിരുന്നില്ലെന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്നാൽ, മൊബൈൽ വിളി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ എത്തിയതോടെ പണമിടപാട് വിവരങ്ങൾ വെളിപ്പെടുത്താതെ വഴിയില്ലാതായി.

പ്രതികൾ പുതിയതായി വെളിപ്പെടുത്തിയവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു.

പ്രതികൾ എം.ജി. റോഡിലെ ഹോട്ടലിൽ വ്യാജ രേഖകൾ നൽകി താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. റേവ് പാർട്ടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കരുതുന്നത്. വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത് ഷമീർ റാവുത്തർ ആണെന്നാണ് നിഗമനം.

ടീച്ചർ എന്നറിയപ്പെടുന്ന 12-ാം പ്രതി സുസ്മിത ഫിലിപ്പിനൊപ്പം ഷമീർ റാവുത്തർ ഹോട്ടലിൽ താമസിക്കുകയും ചെയ്തിരുന്നു. ഷമീറിനെ ചോദ്യം ചെയ്യലിന് എക്‌സൈസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

മയക്കുമരുന്നുമായി ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്ത കാസർകോട് സ്വദേശി മുഹമ്മദ് ഫൈസലിനായും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാൾ മംഗലാപുരത്തേക്ക് കടന്നതായാണ് കരുതുന്നത്.