തൃശ്ശൂർ: കാർഷിക സർവകലാശാല ഉത്പാദിപ്പിച്ച അത്യുത്‌പാദനശേഷിയുള്ള തെങ്ങിൻതൈകൾ എന്ന പേരിൽ തൈവിൽപ്പന വ്യാപകം. ‘ആ തൈകൾ ഞങ്ങളുടേതല്ല’ എന്ന് സർവകലാശാലയ്ക്ക് നിഷേധക്കുറിപ്പും ഇറക്കേണ്ടിവന്നു. സർവകലാശാല ഇത്തരം തൈകൾ കൃഷിഭവൻ വഴി മാത്രമാണ് വിതരണം ചെയ്തത്.

സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ. മിക്കജില്ലകളിലും ഇത് നടക്കുന്നുണ്ട്. സർവകലാശാലയുടെ കീഴിലുള്ള പീലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച തെങ്ങിൻതൈകൾ എന്ന മേൽവിലാസത്തിലാണ് വിൽപ്പന നടത്തുന്നത്. ഇത്തരം പരസ്യങ്ങളിലൊന്നിൽ കണ്ട ഫോൺ നമ്പറിലേക്ക് ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർത്തന്നെ വിളിച്ചുനോക്കി.

തെങ്ങിൻതൈ ഒന്നിന് 450 രൂപയാണ് വില പറഞ്ഞത്. ഇടനിലക്കാർ വഴിയാണ് വാങ്ങുന്നതെന്നും ഓർഡർ ചെയ്തത്ര ലഭിച്ചില്ലെന്നുമെല്ലാം സ്വകാര്യസ്ഥാപനം അധികൃതർ ഗവേഷണകേന്ദ്രം ഉദ്യോഗസ്ഥരോടുതന്നെ പറയുകയും ചെയ്തു. തെങ്ങിൻതൈ ആവശ്യക്കാരെന്ന മട്ടിലാണ് ഇവർ വിളിച്ചത്.

അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈയ്ക്ക് ഗവേഷണകേന്ദ്രം ഈടാക്കുന്നത് 250 രൂപയാണ്. ഈ വർഷം ആറായിരത്തോളം അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈകളാണ് ഇവിടെനിന്ന്‌ വിറ്റത്. എല്ലാം നൽകിയതും കൃഷിഭവൻ വഴിയാണ്. പരിമിതമായ രീതിയിൽ മാത്രമേ തൈകൾ പുറത്തുള്ളവർക്കു നൽകുന്നുള്ളൂവെന്ന് അധികൃതർ പറയുന്നു. ഇത്തരം തൈകളുടെ വിതരണത്തിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിട്ടില്ലെന്നും കാർഷിക സർവകലാശാലാ അധികൃതർ അറിയിച്ചു.

ഇത്തരം കബളിപ്പിക്കലുകൾ തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടിവരുമെന്നതാണ് പ്രധാനപ്രശ്‌നം. അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈകൾ മൂന്നോ നാലോ വർഷങ്ങൾ കഴിയുമ്പോൾ കായ്‌ച്ചുതുടങ്ങും. അഞ്ചോ ആറോ വർഷം കഴിയുമ്പോളാണ് പൂർണതോതിൽ ഉത്പാദനം ലഭിക്കുക. അപ്പോൾ മാത്രമാണ് നട്ടത് അത്യുത്പാദനശേഷിയുള്ള തൈകളായിരുന്നില്ല എന്ന് തിരിച്ചറിയുക.