ആലപ്പുഴ: തീവണ്ടികളോടുമത്സരിക്കാൻ കൂടുതൽ ബൈപ്പാസ് റൈഡറുകൾ ഉടൻ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി. ഇതിനായി പ്രത്യേകനിറം നൽകി ബസുകൾ തയ്യാറായി. രാപകൽ ഒരു മണിക്കൂർ ഇടവിട്ട് തിരുവനന്തപുരം-കോഴിക്കോട് സർവീസുകളാണ് ഉണ്ടാകുക. സ്റ്റാൻഡുകളിൽ കയറാതെ എൻ.എച്ച്., എം.സി. റോഡുകളിലൂടെയായിരിക്കും ഓട്ടം. 30 ദിവസം മുൻപുവരെ ടിക്കറ്റ് ബുക്കുചെയ്യാം.

ബുക്കു ചെയ്യുന്നയാൾക്ക് ആ ബസിൽ സീറ്റു നൽകാനായില്ലെങ്കിൽ മറ്റൊന്നിൽ യാത്ര ഉറപ്പാക്കും. നിർദിഷ്ട സ്ഥലങ്ങളിലേ നിർത്തൂ. സൂപ്പർ ഫാസ്റ്റ്, എയർ സസ്പെൻഷൻ, ലോ ഫ്ലോർ എ.സി. എന്നീ ബസുകളായിരിക്കും ഉപയോഗിക്കുക.

യാത്രക്കാർക്ക് ബൈപ്പാസിൽ കാത്തുനിൽക്കുന്നതിനായി ഫീഡർ സ്റ്റേഷനുകൾ തയ്യാറാക്കും. ഇതിനായി കെ.എസ്.ആർ.ടി.സി. ബസുകൾതന്നെ രൂപമാറ്റംവരുത്തി ഇരിപ്പിടവും പ്രാഥമികസൗകര്യങ്ങളും ലഘുഭക്ഷണവിതരണ കേന്ദ്രവും ഒരുക്കും. ഫീഡർ സ്റ്റേഷനിൽ 24 മണിക്കൂറും ജീവനക്കാരന്റെ സേവനമുണ്ടാകും.

ബൈപ്പാസ് റൈഡർ സർവീസുകളിലേക്ക് ഓരോ ഡിപ്പോകളിൽനിന്നു കൃത്യമായ ഇടവേളയിൽ ഫീഡർ സർവീസ് ഉണ്ടാകും. ബൈപ്പാസ് റൈഡറിൽ ടിക്കറ്റ് ബുക്കു െചയ്യുന്നവർക്ക് ഈ യാത്ര സൗജന്യമാണ്.