കൊച്ചി: നാഗാലാൻഡ് ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട സി.എ.ജി.യുടെ റിപ്പോർട്ട് കണ്ട് കോടതി ഞെട്ടി. 17,653.76 കോടിയുടെ ലോട്ടറി വിറ്റപ്പോൾ നാഗാലാൻഡ് സർക്കാരിന് ലഭിച്ച വരുമാനം 56.93 കോടി മാത്രമാണെന്ന് കണ്ടാണ് കോടതി ഞെട്ടിയത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സി.എ.ജി.) 2016-ലെ റിപ്പോർട്ടിലായിരുന്നു ഈ വിവരങ്ങൾ. സംസ്ഥാന സർക്കാർ അഭിഭാഷകനാണ് സി.എ.ജി. റിപ്പോർട്ട് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ലോട്ടറി വിൽപ്പനയ്ക്കായി ഏജന്റിനെ തിരഞ്ഞെടുക്കുന്നതിൽപ്പോലും സുതാര്യതയില്ലെന്ന് സി.എ.ജി. റിപ്പോർട്ടിലുണ്ടായിരുന്നു. വിൽക്കുന്ന ലോട്ടറിയുടെ തുക എന്നതിനുപകരം മിനിമം ഗ്യാരന്റീഡ് റവന്യൂ (കുറഞ്ഞ ഉറപ്പുള്ള തുക) എന്ന പേരിൽ തുക നിശ്ചയിച്ചാണ് വിതരണാവകാശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2010-’11 മുതൽ 2015-’16 സാമ്പത്തിക വർഷംവരെ 17653.76 കോടിയുടെ ലോട്ടറി വിറ്റപ്പോൾ നാഗാലാൻഡ് സർക്കാരിന് 56.93 കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ എന്നായിരുന്നു സി.എ.ജി. റിപ്പോർട്ട്. ഇതിൽ 4522.24 കോടി വിതരണക്കാരന്റെ ഷെയർ ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ വരുമാനം 1.24 ശതമാനം മാത്രമായിരിക്കേ വിതരണക്കാരന്റെ ഷെയർ 98.76 ശതമാനമായിരുന്നുവെന്നും സി.എ.ജി. റിപ്പോർട്ടിലുണ്ട്‌. വിതരണക്കാരനെ കണ്ടെത്താനുള്ള ലേല നടപടികളിൽ മത്സരം ഒഴിവാക്കാനും മറ്റും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.എ.ജി. റിപ്പോർട്ടിൽനിന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അത് തടയാനുള്ള ബാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തെ ചെറുക്കാനുള്ളതായിരുന്നു സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെന്നും കോടതി അഭിപ്രായപ്പെട്ടു.

വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ

നാഗാലാൻഡ് ലോട്ടറി വിൽപ്പനക്കാർക്കായി വാദിക്കാനെത്തിയത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ. ഹാരിഷ് സാൽവേ, കപിൽ സിബിൽ, നീരജ് കിഷൻ കൗൾ എന്നിവരാണ് ഹാജരായത്. സർക്കാരിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പല്ലവ് ഷിഷോദിയായും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സി.ഇ. ഉണ്ണികൃഷ്ണനുമാണ് ഹാജരായത്.