കൊല്ലം : കോവിഡ് അടച്ചിടലിനെത്തുടർന്ന് അക്ഷയ തൃതീയ ദിവസം ജൂവലറികൾ നടത്തിയ ഓൺലൈൻ സ്വർണക്കച്ചവടം പ്രതീക്ഷിച്ചപോലെ കൂടിയില്ല. പ്രമുഖ ജൂവലറി ഗ്രൂപ്പുകൾക്കുപോലും കട തുറന്നിരിക്കുമ്പോഴുള്ള കച്ചവടത്തിന്റെ ഏഴുമുതൽ പത്തുശതമാനംവരെയേ നടന്നുള്ളൂ. അക്ഷയ തൃതീയയ്ക്കൊപ്പം ചെറിയ പെരുന്നാൾകൂടി വന്നതിനാൽ, ഇത്തവണ 15 ശതമാനം ഓൺലൈൻ കച്ചവടം നടക്കുമെന്നായിരുന്നു സ്വർണവ്യാപാരമേഖലയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ കൂടുതൽ ചെറുകിട-ഇടത്തരം വ്യാപാരികൾ ഓൺലൈൻ വ്യാപാരത്തിലേക്ക് വരുകയും ചെയ്തു.

സാധാരണയായി അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്താകെ 30 മുതൽ 40 വരെ ടൺ സ്വർണം വിൽക്കാറുണ്ട്. ഇക്കുറി കച്ചവടം ഒരുടണ്ണിൽ താഴെയായിരുന്നു. കഴിഞ്ഞവർഷവും അടച്ചിടലിനെത്തുടർന്ന് ചില ജൂവലറി ഗ്രൂപ്പുകൾ ഓൺലൈൻ വ്യാപാരസൗകര്യം ഏർപ്പെടുത്തിയിരുന്നു. ഓൺലൈൻ സ്റ്റോറുകളിൽനിന്ന്‌ ഇഷ്ടപ്പെട്ട ആഭരണങ്ങളും സ്വർണനണയങ്ങളും തിരഞ്ഞെടുത്ത് ഓൺലൈനായി പണമടച്ചാൽ, അടച്ചിടൽ അവസാനിക്കുമ്പോൾ ആഭരണങ്ങൾ വീട്ടിലെത്തിക്കുന്ന രീതിയാണ് പ്രധാനമായും പരീക്ഷിച്ചത്. അക്ഷയ തൃതീയ ദിവസം ഓൺലൈനായി പണമടച്ച്, കടതുറക്കുന്ന സമയത്ത് സ്വർണം വാങ്ങാനുള്ള സംവിധാനവും ഏർപ്പെടുത്തി.

കടകളിലെത്തി നോക്കിയും കണ്ടും അണിഞ്ഞും സ്വർണാഭരണങ്ങൾ വാങ്ങുന്ന പരമ്പരാഗതരീതിക്കു പുറത്തേക്കുവരാൻ ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്ന് പ്രമുഖ ജൂവലറി ഗ്രൂപ്പുകൾ വിലയിരുത്തുന്നു. ഓൺലൈൻ സ്റ്റോറിലെത്തി ആഭരണങ്ങൾ തിരഞ്ഞെടുത്തവർ പണം ഓൺലൈനായി അടയ്ക്കാൻ വിമുഖതകാട്ടുന്ന അനുഭവവുമുണ്ടായി.

അക്ഷയ തൃതീയ ദിവസം കടകൾ അടച്ചിടേണ്ടിവരുന്നത് സ്വർണവ്യാപാരമേഖലയ്ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. കേരളത്തിലെ ജൂവലറികളിൽ പത്തുവർഷമായി, ഓണം കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിവസമാണ്. 2019-ൽ ഈദിവസം സംസ്ഥാനത്ത് പത്തുലക്ഷത്തിലേറെപ്പേർ ജൂവലറികളിലെത്തി സ്വർണം വാങ്ങിയെന്നാണ് കണക്ക്.