തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്നതോടെ സംസ്ഥാനത്ത് പ്രതിദിനം നാലുലക്ഷം ലിറ്റർ പാൽ അധികമായി കെട്ടിക്കിടക്കുന്നു. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ അടച്ചതിനാൽ പ്രാദേശികമായി വിൽപ്പന നടത്തിയിരുന്ന പാൽ അധികമായി ക്ഷീരസംഘങ്ങളിലേക്ക് എത്തുന്നതാണ് പ്രതിസന്ധിക്ക് കാരണം. മിൽമ മലബാർ മേഖലയിൽ മാത്രം മൂന്നുലക്ഷം ലിറ്ററും എറണാകുളം മേഖലയിൽ ഒരുലക്ഷം ലിറ്റർ പാലും അധികമാണ്. നേരത്തേ 1.5 ലക്ഷം ലിറ്റർ പാൽ പുറമേനിന്നു വാങ്ങിയിരുന്ന തിരുവനന്തപുരം മേഖലയിൽ ഇപ്പോൾ ഏതുനിമിഷവും പാൽ മിച്ചംവരുന്ന അവസ്ഥയാണ്.

പ്രതിദിനം ശരാശരി 20 ലിറ്റർ പാൽ കൊണ്ടുവന്നവർ ഇപ്പോൾ ഇരട്ടിയിലധികമാണ് ക്ഷീരസംഘങ്ങളിൽ എത്തിക്കുന്നത്. മലബാർ മേഖലയിൽ ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരത്തെ പാൽ സംഭരിച്ച് മിൽമയിലേക്ക് അയക്കരുതെന്ന് നിർദേശം നൽകി.

എറണാകുളം മേഖലയിൽ ട്രിപ്പിൾ ലോക്ഡൗൺ തീരുന്നതുവരെ പാൽ സംഭരണം 20 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. രണ്ടുനേരം കറക്കുന്ന പാൽ ക്ഷീരസംഘങ്ങളിൽ കൊടുത്താൽ മാത്രമാണ് കർഷകർക്ക് ലാഭം ഉണ്ടാകുക. ക്ഷീരകർഷകരെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടിക്കെതിരേ വ്യാപകപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

കൂടുതൽ പാൽ സംഭരിക്കാനുള്ള ശേഷി മിൽമയ്ക്കില്ലാത്തതിൽ അധികമായി എത്തുന്ന പാൽ, പാൽപ്പൊടിയാക്കി സൂക്ഷിക്കുകയാണ് ഏകമാർഗം. എന്നാൽ ഇതിനുള്ള സംവിധാനം സംസ്ഥാനത്തില്ല. ഇതിനായി തമിഴ്‌നാട് മിൽക് മാർക്കറ്റിങ് ഫെഡറേഷന്റെ ഈറോഡ്, പുഷ്പഗിരി പ്ലാന്റുകളെയും കർണാടകയെയുമാണ് ആശ്രയിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇതിലും തടസ്സം നേരിടുകയാണ്.