മംഗളൂരു: ഉഡുപ്പി പടുബിദ്രിക്ക് സമീപം കടലിൽ ടഗ്ഗ് മുങ്ങി കാണാതായ മൂന്നുപേർക്കായുള്ള തിരച്ചിലിന് കൊച്ചിയിൽ നിന്ന് നാവികസേനയുടെ ഹെലികോപ്റ്ററെത്തി. പ്രതികൂല കാലാവസ്ഥയിൽ മണിക്കൂറുകളോളം കടലിൽ തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താനായില്ല. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എം.ആർ.പി.എൽ.) ചരക്കുകളുമായി എത്തുന്ന കപ്പലുകളെ സഹായിക്കുന്ന ടഗ്ഗ് അലയൻസാണ് ശനിയാഴ്ച കനത്ത മഴയിലും കാറ്റിലും മുങ്ങിയത്. അണ്ടർവാട്ടർ സർവീസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടഗ്ഗ്. മംഗളൂരു തുറമുഖത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ ഉഡുപ്പി ജില്ലയിലെ പടുബിദ്രി ബീച്ചിനു സമീപം കടലിലാണ് അപകടം. എട്ട് ജീവനക്കാരാണ് ടഗ്ഗിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ അപകടത്തിൽ മരിച്ചു. രണ്ടുപേർ നീന്തിരക്ഷപ്പെടുകയും ഒരാളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.

കാണാതായവരെ കണ്ടെത്താനുള്ള എല്ലാസഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് നളിൻകുമാർ കട്ടീൽ എം.പി. മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ആദ്യം ഗോവയിൽനിന്നാണ് നാവികസേനയുടെ ഹെലികോപ്റ്റർ ആവശ്യപ്പെട്ടത്. എന്നാൽ ചുഴലിക്കാറ്റടിച്ചതിനാൽ അവർക്ക് എത്താനായില്ല. ഇതേത്തുടർന്ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്റർ വരുത്തുകയായിരുന്നു- നളിൻകുമാർ പറഞ്ഞു.