എടപ്പാൾ: ലോക്‌ഡൗൺ കാലത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർ പേടിക്കേണ്ട. രജിസ്റ്റർചെയ്യാൻ പറ്റാത്തവർക്ക് ലോക്‌ഡൗൺ കഴിയുന്ന തീയതിവരെ ഇളവുലഭിക്കും. ലോക്‌ഡൗൺ കാലയളവിൽ ഓഫീസുകൾ അടഞ്ഞുകിടന്നതും ജനത്തിന് പുറത്തിറങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തിയതുംമൂലം നിരവധിപേർക്ക് ഇത്തരം രജിസ്ട്രേഷനുകൾ നടത്താനായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് ജോയിന്റ്‌ ഡയറക്ടർ ഇതുസംബന്ധിച്ച നിർദേശം ബന്ധപ്പെട്ടവർക്കു നൽകിയത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ആദ്യം ഒരാഴ്ചയും പിന്നീട് 23 വരെയും അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് ഇത്തരം രജിസ്ട്രേഷനുകൾ തടസ്സപ്പെട്ടത്. മരണവും ജനനവും 28 ദിവസത്തിനകവും വിവാഹം 45 ദിവസത്തിനകവും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർചെയ്യണമെന്നുണ്ട്. പുറത്തിറങ്ങാനാകാത്തതും അക്ഷയ കേന്ദ്രങ്ങളടക്കമുള്ളവ അടഞ്ഞുകിടക്കുന്നതുംമൂലം ഇതൊക്കെ മുടങ്ങിക്കിടക്കുകയാണ്. മരണം ഈദിവസം കഴിഞ്ഞ് രജിസ്റ്റർ ചെയ്യണമെങ്കിൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം പഞ്ചായത്ത് ഡയറക്ടറുടെ അനുമതിവേണമായിരുന്നു. പുതിയ നിർദേശപ്രകാരം ലോക്‌ഡൗൺ അവസാനിക്കുന്ന 23-ന് റിപ്പോർട്ടിങ് കലാവധി അവസാനിക്കുന്ന ജനന-മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലോ രജിസ്റ്റർചെയ്തില്ലെങ്കിലോ അങ്ങനെ ചെയ്തതായി കണക്കാക്കി രജിസ്റ്റർചെയ്യാം. ഈ ദിവസങ്ങളിൽ ഫോൺ, ഇ-മെയിൽ വഴിയോ വാക്കാലോ ലഭിച്ച വിവരങ്ങളും ശേഖരിച്ച് അടച്ചിടൽ കഴിയുന്നതിന്റെ പിറ്റേന്നത്തെ തീയതിയിൽ രജിസ്റ്റർചെയ്തുനൽകാം. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാനുള്ള നടപടികൾ രജിസ്ട്രാർമാരും സോഫ്റ്റ്‌വേർ ഭേദഗതി ഐ.ടി. മിഷനും കൈക്കൊള്ളണം.