കൊച്ചി: കോവിഡിൽ തകർന്ന രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പദ്ധതികളിൽ ലൈറ്റ്ഹൗസ് ടൂറിസവും. വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കാവുന്ന രാജ്യത്തെ 65 ലൈറ്റ്ഹൗസുകൾ കണ്ടെത്തിയതിൽ 10 എണ്ണം കേരളത്തിലാണ്. വിഴിഞ്ഞം, വലിയഴീക്കൽ, അഞ്ചുതെങ്ങ്, തങ്കശ്ശേരി, കണ്ണൂർ, ആലപ്പുഴ, മനക്കോടം, വൈപ്പിൻ, ചേറ്റുവ, പൊന്നാനി ലൈറ്റ് ഹൗസുകളാണ് പദ്ധതിയിൽ. ഇതിനൊപ്പം കൊച്ചി ലൈറ്റ്ഹൗസ് ഡയറക്ടറേറ്റിന് കീഴിലുള്ള ലക്ഷദ്വീപിലെ മിനിക്കോയ് ലൈറ്റ്ഹൗസും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര തുറമുഖമന്ത്രാലയവും ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ്ഹൗസസും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇന്ത്യയിലെ ഒട്ടുമിക്ക ലൈറ്റ്ഹൗസുകളും നാവികർക്കുള്ള അടയാളം മാത്രമല്ല ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതുമാണ്. ലൈറ്റ്ഹൗസുകൾക്ക് മുകളിൽ നിന്നാൽ തീരദേശത്തിന്റെയാകെ സൗന്ദര്യം കാണാമെന്നതിന് പുറമേ ഫോട്ടോഗ്രാഫിക്ക് ഏറെ സാധ്യതയുമുണ്ട്‌. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഏജൻസികളെ കണ്ടെത്തി 10 മുതൽ 30 വരെ വർഷത്തേക്ക് ലൈസൻസ് നൽകും. ലൈസൻസ് ഫീസിന് പുറമേ വാർഷികവരുമാനത്തിലെ നിശ്ചിതശതമാനം പങ്കുവെക്കുന്നതാണ് രീതി. കുട്ടികൾക്കുള്ള പാർക്കുകൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറി, നടപ്പാത, കോട്ടേജുകൾ, കടലിന് അഭിമുഖമായി കഫ്‌റ്റീരിയ തുടങ്ങിയവയാണ് കേരളത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ വിഴിഞ്ഞത്ത് ഇക്കോഫ്രൻഡ്‌ലി കോട്ടേജുകൾ വരുമെന്നുറപ്പായിട്ടുണ്ട്.